നെടുങ്കണ്ടം: കമ്പംമെട്ട് ചെക്പോസ്റ്റിൽ എക്‌സൈസ് നടത്തിയ പരിശോധനയിൽ
രണ്ട് കേസുകളിലായി 150 ഗ്രാം ഉണക്ക കഞ്ചാവും 910 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി. വസ്ത്രത്തിനുള്ളിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കോട്ടയം കാണക്കാരി ആദിച്ചമറ്റത്തിൽ ജോബിൻ (19) പിടിയിലായി. കോളേജ് വിദ്യാർത്ഥിയായജോബിൻ കമ്പത്ത് നിന്ന് തമിഴ്‌നാട് ബസിൽ കമ്പംമെട്ടിൽ
വന്നിറങ്ങി നടന്ന് ചെക്‌പോസ്റ്റ് കടക്കുന്നതിനിടെയാണ് പിടിയിലായത്. സ്വന്തമായി ഉപയോഗിക്കാൻ കമ്പത്ത് നിന്നുമാണ് പ്രതി 2000 രൂപയ്ക്ക് കഞ്ചാവ് വാങ്ങിയതെന്ന് എക്‌സൈസ് അറിയിച്ചു.
രണ്ടാമത്തെ കേസിൽ 910 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി തമിഴ്‌നാട് കമ്പംകോമ്പ റോഡിന് സമീപം താമസിക്കുന്ന ഗണേശൻ (49) പിടിയിലായത്. പുകയില ഉത്പന്നങ്ങൾ നെടുങ്കണ്ടം മേഖലയിൽ ചില്ലറ വിൽപന നടത്താനാണ് എത്തിച്ചതെന്ന് എക്‌സൈസ് അറിയിച്ചു. തമിഴ്‌നാട് ബസിൽ കമ്പംമെട്ടിലെത്തിയ ഇയാളുടെ കൈവശമുണ്ടായിരുന്ന ചാക്കുകെട്ട്
പരിശോധിച്ചപ്പോഴാണ് പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്. ഇയാൾ മുമ്പും സമാന കേസുകളിൽ പ്രതിയാണ്. രണ്ട് പ്രതികളെയും കോടതിയിൽ ഹാജരാക്കി. ഉടുമ്പൻചോല എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.ജി. ടോമിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഗ്രേഡ് അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ലിജോ ഉമ്മൻ, പ്രിവന്റീവ് ഓഫീസർമാരായ ഷാജി ജയിംസ്, സൈജുമോൻ ജേക്കബ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ എ.ഡി.ജയ്‌സൺ, ജിബിൻ ജോസഫ് എന്നിവർ പങ്കെടുത്തു.