മുട്ടം: ജില്ലാ ജയിലിൽ കാന്റീൻ ഉടൻ പ്രവർത്തന സജ്ജമാകുമെന്ന് ജയിൽ സൂപ്രണ്ട് അൻസാർ പറഞ്ഞു. ആവശ്യമായ ഫർണീച്ചർ ഉൾപ്പടെയുള്ള ഉപകരണങ്ങൾ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് എത്തിക്കാൻ നടപടികൾ സ്വീകരിച്ചു. ഉപകരണങ്ങൾ എത്തിയാൽ കാന്റീൻ ഉടൻ പ്രവർത്തന സജ്ജമാകും . നിർമ്മാണം പൂർത്തീകരിച്ച് ഒരു വർഷത്തിലേറെ കാലം കഴിഞ്ഞെങ്കിലും കാന്റീൻ പ്രവർത്തനം ആരംഭിക്കാത്തത് സംബന്ധിച്ച് വാർത്ത വന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടികൾ വേഗത്തിലായത്.പുറമേ നിന്ന് ജയിൽ സന്ദർശനത്തിനായി എത്തുന്നവർക്കും ജയിലിന് സമീപത്തായി പ്രവർത്തിക്കുന്ന വിവിധ സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളിലെയും ആളുകൾക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണം വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മുട്ടം ജില്ലാ ജയിലിനോടനുബന്ധിച്ചും കാന്റീൻ ആരംഭിക്കാൻ സർക്കാർ തലത്തിൽ തീരുമാനമായത്.കൂടാതെ ജയിലിൽ കഴിയുന്ന തടവുകാരെ കാണാൻ പുറമെ നിന്ന് എത്തുന്നവർ തടവുകാർക്ക് നൽകാനായി കൊണ്ടുവരുന്ന സോപ്പ്, എണ്ണ, ബ്രഷ്, പേസ്റ്റ് തുടങ്ങിയവ സുരക്ഷിതത്വത്തിന്റെ പേരിൽ കാന്റീനിൽ നിന്ന് വാങ്ങാനുള്ള സൗകര്യത്തോടെ കാന്റീൻ ഭാവിയിൽ കൂടുതൽ വിപുലീകരിച്ച്‌ സ്റ്റേഷനറി സൗകര്യവും ഒരുക്കാൻ സർക്കാർ വിഭാവനം ചെയ്തിരുന്നു.ഇതിനായി ആദ്യ ഘട്ടത്തിൽ 25 ലക്ഷം രൂപ അനുവദിച്ചിരുന്നു.ഇതേ തുടർന്ന് കാന്റീനിന്റെ കെട്ടിട നിർമ്മാണവും വൈദ്യുതി,ജല ലഭ്യത എന്നീ ജോലികൾ ഒരു വർഷം മുൻപ് പൂർത്തിയാക്കുകയും ചെയ്തിരുന്നു.