മൂന്നാർ : ജില്ലയിൽ സ്‌ട്രോബറി കൃഷി വ്യാപിപ്പിക്കുമെന്ന് കൃഷി മന്ത്രി വി. എസ് സുനിൽ കുമാർ. മൂന്നാറിൽ പ്രവർത്തനമാരംഭിച്ച സ്‌ട്രോബറി പാർക്കിന്റെ ഉദ്ഘാടനവും സ്‌ട്രോബറിയുടെ വിളവെടുപ്പും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്നാറിലെ കാലാവസ്ഥ സ്‌ട്രോബറിക്ക് കൃഷിക്ക് അനുയോജ്യമാണ്. 100 ഹെടക്ടറിൽ കൃഷി വ്യാപിപ്പിക്കും. ജില്ലയിൽ സട്രോബറിയുടെ മാതൃകാ തോട്ടങ്ങൾ ഒരുക്കാൻ നടപ്പടി സ്വീകരിക്കും. ഹോർട്ടികോർപ്പിന്റെ സഹായത്തോടെ വിഷരഹിതമായ സ്‌ട്രോബറിയുടെ ഉൽപാദനവും വിതരണവും നടത്താൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
മൂന്നാർ, വട്ടവട, കാന്തല്ലൂർ മേഖലകളിൽ ഉൽപാദിപ്പിക്കുന്നവ മൂന്നാറിലെ ഹോർട്ടി കോർപ്പിന്റെ സംസ്‌കരണ കേന്ദ്രത്തിൽ കർഷകർക്ക് എത്തിക്കാനുള്ള അവസരം ഒരുക്കും. സ്‌ട്രോബറി പഴം, ജാം, സ്‌ക്വാഷ് തുടങ്ങിയ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ആവശ്യക്കാർക്ക് ഗുണമേൻമയോടെ ലഭ്യമാക്കുന്നതിനും പാർക്കിന്റെ പ്രവർത്തനത്തിലൂടെ സാധിക്കും. പാർക്കിന്റെ പ്രവർത്തനങ്ങൾ മുടങ്ങാതിരിക്കാൻ ജാഗ്രത വേണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. എസ് രാജേന്ദ്രൻ എംഎൽ എ അദ്ധ്യക്ഷത വഹിച്ചു. ഹോർട്ടികോർപ്പ് ചെയർമാൻ വിനയൻ ജി, മൂന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ കറുപ്പുസാമി, ദേവികുളം സബ്കളക്ടർ പ്രേംകൃഷ്ണൻ, കൃഷി അസി. ഡയറക്ടർ ഷീല പണിക്കർ,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ,ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.