ഇടുക്കി : ജില്ലയിലെ തൊഴിലുറപ്പ് പദ്ധതിയിലൂടെ നിർമിക്കുന്ന മഴവെള്ള സംഭരണിയുടെ നിർമാണം പാതി വഴിയിൽ നിർത്തേണ്ടി വന്ന പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്ന് അഡ്വ.ഡീൻകുര്യാക്കോസ് എംപി. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ദിശ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ പല പഞ്ചായത്തുകളിലും മഴവെള്ള സംഭരണി നിർമാണത്തിനായി നിർമാണസാമഗ്രികൾ ഇറക്കിയിരുന്നു. എന്നാൽ നവംബറിൽ ഇറക്കിയ കേന്ദ്ര സർക്കാർ വിജ്ഞാപന പ്രകാരം വ്യക്തികൾക്ക് സംഭരണി നിർമിക്കാൻ സാധിക്കില്ലെന്നും പൊതുസ്ഥലങ്ങളിൽ മാത്രം ഇതിന് അനുവാദമുള്ളുവെന്നും വ്യക്തമാക്കിയിരുന്നു. ഈ കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധ ചെലുത്താൻ ഉടനെ തന്നെ കത്തയക്കുമെന്നും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും എംപി ഉറപ്പ് നല്കി.
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി മുഖാന്തിരം സ്‌കൂളുകളിൽ പരമാവധി പ്രവൃത്തികൾ ചെയ്യണമെന്നും, പ്രളയബാധിത മേഖലകളിലെ പൊതുപ്രവൃത്തികൾ ഏറ്റെടുക്കണമെന്നും കൂടാതെ കുടിവെളളക്ഷാമം പ്രോജക്ടുകൾ പഞ്ചായത്തുകൾ സമർപ്പിക്കേണ്ടതാണെന്നും എം.പി നിർദ്ദേശിച്ചു.

പ്രളയവുമായി ബന്ധപ്പെട്ട് തൊഴിലുറപ്പ് പദ്ധതിയിലൂടെ 38 വില്ലേജിന് 150 തൊഴിൽ ദിനങ്ങൾ അനുവദിച്ചിട്ടുണ്ട്.

ജില്ലയിൽ പ്രധാനമന്ത്രി ആവാസ് യോജനയിൽ ഉൾപ്പെടുത്തി 201617 സാമ്പത്തിക വർഷത്തിൽ 1982 വീടുകളും 201718 ൽ 601 വീടുകളും ഉൾപ്പെടെ 2583 വീടുകളാണ് അനുവദിച്ചത്. 794 ഗുണഭോക്താക്കൾക്ക് വീട് അനുവദിക്കുകയും 742 എണ്ണം പൂർത്തികരിക്കുകയും 52 വീടിന്റെ പണി പുരോഗമിക്കുന്നു.

യോഗത്തിൽ എഡിഎം ആന്റണി സ്‌കറിയ, ദാരിദ്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ സാജു സെബാസ്റ്റ്യൻ, തൊഴിലുറപ്പ് പദ്ധതി ജോയ്ന്റ് കോഓർഡിനേറ്റർ ബിൻസ് സി തോമസ് , ജില്ലയിലെ ബ്ലോക്ക്ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.