മുട്ടം: ടൗണിൽ അനധികൃത പാർക്കിങ് കാരണം കാൽനടയാത്രക്കാർക്ക് വഴി നടക്കുവാൻ സാധിക്കുന്നില്ല. തൊടുപുഴ റൂട്ടിലും ഈരാറ്റുപേട്ട റൂട്ടിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നടപ്പാത കൈയേറിയാണ്. തീരെ ഇടുങ്ങിയ ടൗണായ മുട്ടത്ത് നടപ്പാതയും ഉപയോഗിക്കാൻ കഴിയാതെ വഴിയാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്നു.നടപ്പാത കൈയേറി വാഹനങ്ങൾ പാർക്ക് ചെയ്തിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. സ്കൂൾ സമയങ്ങളിൽ ഏറെ തിരക്കുള്ള ടൗണിൽ നിലവിലുള്ള സൗകര്യം അനധികൃത പാർക്കിങ് മൂലം ഇല്ലാതായി. നടപ്പാതയിൽ തടസങ്ങൾ ഉള്ളതിനാൽ ആളുകൾ റോഡിലേക്ക് ഇറങ്ങി നടക്കുന്നു.ഇത് കൂടുതൽ അപകടത്തിന് ഇടയാക്കുകയാണ്. നടപ്പാതയിലെ പാർക്കിങ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്തിലും, മുട്ടം പൊലീസിലും പരാതി നൽകി.