കാഞ്ഞാർ: തൊടുപുഴ - പുളിയൻ മല സംസ്ഥാന പാതയിൽ കാഞ്ഞാർ വാട്ടർ തീം പാർക്കിന് സമീപം യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ വൈദ്യുതി തൂണിൽ ഇടിച്ചു നിന്നു.തൊടുപുഴ സ്വദേശികളായ അഞ്ച് യുവാക്കളാണ് കാറിലുണ്ടായിരുന്നത്.കൊടൈക്കനാൽ പോയി തിരികെ വരുന്ന വഴിയാണ് അപകടം. കാറിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപെട്ടു. ഇന്നലെ പുലർച്ചെ 2.30നായിരുന്നു സംഭവം.കാർ വൈദ്യുതി തൂണിൽ ഇടിച്ച് നിന്നില്ലായിരുന്നെങ്കിൽ നേരെ മലങ്കര ജലാശയത്തിലേക്ക് പതിക്കുമായിരുന്നു. ഇവിടം വളരെ ആഴമേറിയ ഭാഗമാണ്. വൈദ്യുതി തൂൺ കാറിന് മുകളിലേക്ക് വീഴാതിരുന്നതും ഭാഗ്യമായി. ശബ്ദം കേട്ട് സമീപവാസികൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.കാർ ഓടിച്ചിരുന്നയാൾ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് സംശയിക്കുന്നു. കാഞ്ഞാർ പൊലീസ് സ്ഥലത്തെത്തിയിരുന്നു.