water

ചെറുതോണി: പത്ത്കോടിമുടക്കി കുടിവെള്ള പദ്ധതി നടപ്പിലാക്കിയെങ്കിലും നാട്ടിൽ ഇതോഴും ശുദ്ധജല ക്ഷാമം. കഞ്ഞിക്കുഴി പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് പത്തുവർഷം മുൻപ് പത്ത് കോടി മുടക്കിയാണ് ജലനിധിപദ്ധതി നടപ്പാലാക്കിയത്. ജില്ലാ ആസ്ഥാനത്തോട് ചേർന്നു കിടക്കുന്നകഞ്ഞിക്കുഴി പഞ്ചായത്തിൽ വർഷങ്ങളായി കുടിവെള്ളക്ഷാമം അനുഭവപ്പെട്ടിരുന്നു. ഇതിന് പരിഹാരം കാണുന്നതിന് പഞ്ചായത്തിനെ ജലനിധി പദ്ധതിയിലുൾപ്പെടുത്തി സർക്കാർ ഏറ്റെടുക്കുകയായിരുന്നു. ഇതിനായി പത്തുകോടി രൂപയും അനുവദിച്ചു. സോളിഡാരിറ്റി മൂവ്‌മെന്റോഫ് ഇന്ത്യ എന്ന സംഘടനയെ പദ്ധതിയുടെ നടത്തിപ്പിന് ചുമതലയും നൽകി. കുടിവെള്ളക്ഷാമം ഉള്ള പ്രദേശങ്ങളിൽ ജനകീയ കമ്മറ്റിയുടെ നേതൃത്വത്തിൽ നിർമാണം നടത്തുകയായിരുന്നു. ഇത്തരത്തിൽ അറുപതോളം പദ്ധതികളാണ് നടപ്പാക്കിയത്. 39 അംഗങ്ങളുള്ള അമ്പലക്കവല പദ്ധതിയ്ക്ക് 19 ലക്ഷം ,32 അംഗങ്ങളുള്ള കീഴങ്ങാനം പദ്ധതിയ്ക്ക് 15 ലക്ഷം, പഴയരിക്കണ്ടം കുരിശുമല പദ്ധതി 15 ലക്ഷം, ഉമ്മൻചാണ്ടി കോളനി തുടങ്ങിയ എല്ലാ പ്രദേശങ്ങളിലും പദ്ധതി നടപ്പാക്കി. കുടിവെള്ള പദ്ധതികളുടെ നിർമാണം പൂർത്തിയാക്കിയ ശേഷം പിന്നീടുള്ള പ്രവർത്തനങ്ങൾ ഉപഭോക്തൃ കമ്മറ്റിയെ ഏൽപിച്ചു നൽകുകയായിരുന്നു. എന്നാൽ പലതും പിന്നീട് പ്രവർത്തിക്കാതായി.

നിലവാരം തീരെയില്ല

പദ്ധതിക്കായി ഉപയോഗിച്ച് മോട്ടോറുകളും പൈപ്പുകളും ഗുണനിലവാരമില്ലാത്തതിനാൽ പെട്ടന്ന് തന്നെ കേടാവുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഗുണമേൻമയില്ലാത്ത പൈപ്പുകൾ പൊട്ടിയും മോട്ടോറുകൾ കേടായതുമാണ് പദ്ധതി പരാജയപ്പെടാൻ കാരണം. നിർമാണത്തിന് ശേഷമുള്ള അറ്റകുറ്റപ്പണികൾ നടത്തേണ്ടത് ഉപഭോക്തൃ കമ്മറ്റിയാണ്. എന്നാൽ അംഗങ്ങൾ പണം നൽകാത്തതിനാൽ കേടായ മോട്ടോറുകൾ നശിച്ചുപോകുകയായിരുന്നു.

പഞ്ചായത്തിലെ ജലനിധിയുടെ നേതൃത്വത്തിൽ നിർമിച്ച ഭൂരിഭാഗം പദ്ധതികളും ഉപയോഗ യോഗ്യമല്ലാതായിട്ടും പഞ്ചായത്തധികൃതരോ ജലനിധി പ്രവർത്തകരോ തിരിഞ്ഞുനോക്കിയിട്ടില്ല. പദ്ധതി പൂർത്തിയായി പഞ്ചായത്തിന് കൈമാറിയിട്ടില്ലന്ന് ഭരണസമിതി പറയുന്നു. അതിനാൽ ഇതിന്റെ ഉദ്ഘാടനം പോലുംനടത്തിയിട്ടില്ല. എന്നാൽ നിർമാണ ഏജൻസി പഞ്ചായത്തിന് ഏൽപിച്ചു നൽകിയെന്നും മുഴുവൻ തുകയും ലഭിച്ചുവെന്നും ഏജൻസി പറയുന്നു. പദ്ധതിയുടെ ചെലവിൽ 15 ശതമാനം തുക പഞ്ചായത്ത് നൽകേണ്ടത് നൽകാത്തതാണ് പിന്നീട് തുടർ പ്രവർത്തനങ്ങൾ ഇല്ലാതെ പോയതെന്ന് നിർമാണ ഏജൻസി പറയുന്നു. പഞ്ചായത്തും നിർമാണ ഏജൻസിയും പരസ്പരം പഴി ചാരുമ്പോൾ 10 കോടി രൂപയുടെ പദ്ധതിയാണ് പരാജയപ്പെട്ടത്. . പഞ്ചായത്തിനെ ജലനിധി പദ്ധതിയിലുൾപ്പെടുത്തിയതിനാൽ പുതിയ കുടിവെള്ള പദ്ധതികൾ ഇനി അനുവദിക്കുകയുമില്ല. വേനൽ കടുത്തതോടെ കഞ്ഞിക്കുഴി പഞ്ചായത്തിലെ പല പ്രദേശങ്ങളിലും കലോമീറ്ററുകൾ നടന്ന് തലച്ചുമടായും വാഹനത്തിലുമൊക്കെയാണ് നാട്ടുകാർ ഇപ്പോൾ കുടിവെള്ളമെത്തിക്കുന്നത്.