ചെറുതോണി: ഓട്ടോ റിക്ഷ വാങ്ങാൻ പണം നൽകാത്തതിന് പിതാവിനെ ചവുട്ടി കൊലപ്പെടുത്തിയ കേസിൽ മകനെ കോടതി റിമാന്റു ചെയ്തു. ഉപ്പുതോട് പുളിക്കക്കുന്നേൽ ജോസഫ് (കൊച്ചേട്ടൻ-64)ന്റെ കൊലപാതകത്തിലാണ് മകൻ രാഹുൽ (32)റിമാന്റിലായത്. കഴിഞ്ഞ 9നാണ് രാഹുൽ പിതാവിനെ ക്രൂരമായ മർദ്ദിച്ചത്. മദ്യത്തിനും മയക്കുമരുന്നിനും അടിമായായ രാഹുൽ ഏതാനും നാളുകൾക്ക് മുമ്പ് ഇവരുടെ തന്നെ കൃഷിയിടത്തിന് തീവക്കുകയും ഏക്കറുകളോളം സ്ഥലത്തെ റബർ മരങ്ങൾ കത്തിനശിച്ചിരുന്നു. ഈ മരങ്ങൾ വെട്ടിവിറ്റ പണം ഓട്ടോറിക്ഷ വാങ്ങാനായി രാഹുൽ ആവശ്യപ്പെട്ടു. പണം നൽകാൻ തയ്യാറാകാത്തതിനാണ് രാത്രി കിടക്കയിൽ കിടന്ന പിതാവിനെ മർദ്ദിച്ചത്. കട്ടിലിൽ നിന്നും വലിച്ചു താഴെയിട്ട് നെഞ്ചിന് ചവുട്ടി. വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിൽ തുളച്ചുകയറിയതാണ് മരണകാരണമായത്. മുറികളിലൂടെ വലിച്ചിഴച്ച് അടുക്കളയിലെത്തിച്ചും മർദ്ദിച്ചു. ജോസഫ് ദിവസങ്ങളോളം ആശുപത്രിയിൽ ചികിത്സനടത്തിയെങ്കിലും കഴിഞ്ഞ ദിവസം മരണമടയുകയായിരുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ രാഹുൽ മാനസിക വിഭ്രാന്തിയുള്ളയാളായികാണപ്പെട്ടുവെന്ന്പൊലീസ് പറഞ്ഞു. മക്കൾക്ക് ചെറുപ്പം മുതൽ ഹോട്ടലിൽ നിന്നും ജോസഫ് ഭക്ഷണം വാങ്ങി നൽകുകയായിരുന്നു. ചെറുപ്പത്തിലെ പഠനം ഉപേക്ഷിച്ച രാഹുൽ സുഹൃത്തുക്കളോടൊപ്പം മദ്യത്തിനും മയക്കുമരുന്നിനും അടിമയായിമാറി. പിതാവും മദ്യപിക്കുന്ന ശീലം തുടങ്ങി. രാഹുലും പിതാവ് ജോസഫും ഒരുമിച്ചായിരുന്നു താമസം. ഇളയ മകൻ വീട്ടിൽ നിന്നും മാറിയാണ് താമസിച്ചിരുന്നത്. ചോദ്യം ചെയ്യലിൽ രാഹുൽ കുറ്റം ഏറ്റുപറഞ്ഞിരുന്നു. ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാന്റു ചെയ്യുകായായിരുന്നു.