മറയൂർ: വയോധികനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി വഴിയരികിൽ തള്ളിയ കേസിൽ പ്രതികൾ പിടിയിലായി. മറയൂർ ബാബുനഗറിലെ അമ്പാടി ഭവനിൽ മാരിയപ്പൻ (70) ന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ കണ്ടെത്തിയത്. മറയൂർ പഞ്ചായത്തംഗവും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഉഷാ തമ്പിദുരയുടെ പിതാവാണ് കൊല്ലപ്പെട്ട മാരിയപ്പൻ. മറയൂർ കാന്തല്ലൂർ റോഡിൽ ടി എൽ ബി കനാലിനടുത്ത് ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് എരുമേലി തെക്ക് ശാന്തിപുരം തുവരൻപാറ ആലയിൽ വീട്ടിൽ മിഥുൻ (29), മറയൂർ ബാബു നഗർ അൻപഴകൻ (അമ്പ്-65) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
മാരിയപ്പൻ ഇന്നലെ വൈകിട്ട് സുഹൃത്തായ അൻപഴകന്റെ വീട്ടിലെത്തി മദ്യപിച്ചു. തുടർന്ന് അടുത്ത വീട്ടിലെ മിഥുനും ഇവരോടൊപ്പം ചേർന്നു. നന്നായി മദ്യപിച്ച മൂവരും അൻപഴകന്റെ വീട്ടിൽ ടി.വി കണ്ടുകൊണ്ടിരിക്കവെ വീണ്ടും മദ്യം വാങ്ങുന്ന കാര്യത്തിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ഇരുവരും ചേർന്ന് മാരിയപ്പനെ മുറിയിൽ ഉണ്ടായിരുന്ന വാക്കത്തി കൊണ്ട് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് കാലും കൈയ്യും കെട്ടി മൃതദേഹം പ്‌ളാസ്റ്റിക് ചാക്കിലാക്കി 150 മീറ്റർ അകലെ ഉപേക്ഷിക്കുകയായിരുന്നു.
ഇന്നലെ രാവിലെ കണ്ടെത്തിയ വികൃതമായ മൃതദേഹം ആദ്യം തിരിച്ചറിഞ്ഞില്ല. മൃതദേഹം പുറത്തെടുത്തപ്പോഴാണ് ശരീരത്തിലെ പൂണൂൽ ശ്രദ്ധയിൽപ്പെടുന്നത്. മൃതദേഹം മാരിയപ്പന്റേതാകാനുള്ള സാദ്ധ്യത ബോദ്ധ്യപ്പെടുകയും അന്വേഷണത്തിൽ മാരിയപ്പനെ കാണാനില്ലെന്നും കണ്ടെത്തി. മാരിയപ്പൻ അൻപഴകന്റെ വീട്ടിൽ പോയതായി ദൃക്സാക്ഷികൾ മൊഴി നൽകി. ഇതിനെത്തുടർന്നാണ് അൻപഴകനിലേക്കും മിഥുനിലേക്കും അന്വേഷണം നീങ്ങിയത്. ഇരുവരെയും മണിക്കൂറുകൾക്കുള്ളിൽ പിടികൂടി.
ജില്ലാ പൊലിസ് മേധാവി പി.കെ.മധു, തൊടുപുഴ ഡിവൈ.എസ്.പി കെ.പി ജോസ്, മൂന്നാർ സി.ഐ റെജി.എം.കുന്നിപറമ്പൻ, മറയൂർ സി.ഐ വി.ആർ.ജഗദീശ്, മറയൂർ എസ്.ഐമാരായ ജി.അജയകുമാർ, വി.എം.മജീദ്, മാഹിൻ സലിം, വിദ്യ.വി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത് .പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിനുപയോഗിച്ച വാക്കത്തിയും കയറിന്റെ ഭാഗവും കണ്ടെടുത്തു.