rep-img
REP.IMG

കട്ടപ്പന: പിഞ്ചുകുഞ്ഞടങ്ങുന്ന ആറംഗ കുടുംബത്തിനുനേരെ അതിക്രമമുണ്ടായ സംഭവത്തിൽ കട്ടപ്പന സി.ഐ വി.എസ്. അനിൽകുമാറിനു സസ്‌പെൻഷൻ. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഐ.ജിയുടേതാണ് നടപടി. കഴിഞ്ഞ 11ന് രാത്രിയാണ് ആശുപത്രിയിൽ പോയി മടങ്ങിയ പിഞ്ചുകുഞ്ഞടക്കം ആറംഗ കുടുംബത്തിനുനേരെ കട്ടപ്പന സി.ഐ വി.എസ്. അനിൽകുമാർ അതിക്രമം നടത്തിയത്. സന്യാസിഓട കിഴക്കേമഠത്തിൽ കൃപമോൻ, അച്ഛൻ കൃഷ്ണൻകുട്ടി എന്നിവരെ മർദിക്കുകയും അമ്മ വത്സമ്മ, സഹോദരി കൃപമോൾ, സഹോദരീഭർത്താവ് കല്ലൂപറമ്പിൽ അഭിജിത്ത് എന്നിവരെ അധിക്ഷേപിക്കുകയും ചെയ്തിരുന്നു.

കൃപമോളുടെ 30 ദിവസം പ്രായമുള്ള കുട്ടിക്ക് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി ജീപ്പിൽ വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് കട്ടപ്പന സി.ഐയുമായി വാക്കുതർക്കമുണ്ടായത്. സിവിൽ ഡ്രസിൽ സ്വകാര്യ വാഹനത്തിലായിരുന്ന സി.ഐയെ ഇവർ തിരിച്ചറിഞ്ഞില്ല. മുന്നോട്ടുള്ള യാത്രയിൽ പലതവണ സി.ഐ സഞ്ചരിച്ച കാർ ജീപ്പിനു മുമ്പിൽ വിലങ്ങാൻ ശ്രമിച്ചു. കട്ടപ്പന നഗരത്തിലും കാർ വിലങ്ങിയതോടെ കൃപമോൻ ജീപ്പ് ഓടിച്ച് കട്ടപ്പന പൊലീസ് സ്റ്റേഷനിലെത്തി. തുടർന്ന് കാറിലെത്തിയ ഉദ്യോഗസ്ഥൻ കൃപമോനെയും അച്ഛനെയും സ്റ്റേഷന്റെ അകത്തേക്ക് കൊണ്ടുപോയി മർദിച്ചുവെന്നും കൃപമോളോട് ലൈംഗികച്ചുവയിൽ അസഭ്യം പറഞ്ഞതായും ഇവർ മൊഴി നൽകിയിരുന്നു. ഇവരുടെ പരാതിയിൽ കട്ടപ്പന ഡിവൈ.എസ്.പി അന്വേഷണം നടത്തിയിരുന്നു. കൂടാതെ കുടുംബാംഗങ്ങൾ മുഖ്യമന്ത്രി, ഡി.ജി.പി, മനുഷ്യാവകാശ കമ്മിഷൻ, പൊലീസ് കംപ്ലെയിന്റ് അതോറിറ്റി, ഇടുക്കി ജില്ലാ പൊലീസ് മേധാവി, വനിതാ കമ്മിഷൻ എന്നിവർക്കും പരാതി നൽകിയിരുന്നു.