​​​​​​മുട്ടം: പെരുമറ്റം കവലക്ക് സമീപത്തുള്ള ട്രാൻസ്ഫോമർ സ്ഥാപിച്ചിരിക്കുന്ന പോസ്റ്റുകൾ അപകട ഭീഷണിയാവുന്നു. പോസ്റ്റ് എപ്പോൾ വേണമെങ്കിലും നിലത്തേക്ക് വീഴുന്ന അവസ്ഥയാണ്. റോഡരുകിലും തൊട്ടടുത്ത പറമ്പിലുമായിട്ടാണ് ട്രാൻസ്ഫോമർ ഉറപ്പിച്ചിരിക്കുന്ന നാല് വൈദ്യുതി പോസ്റ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. പോസ്റ്റുകൾ റോഡിലേക്ക് കൂടുതൽ ചരിഞ്ഞു വരുകയാണ്. ഇതിന്റെ മുകളിലായി ഉറപ്പിച്ചിരിക്കുന്ന വശങ്ങളിലേക്ക് കടന്ന് പോകുന്ന വൈദ്യുതി കമ്പികളുടെ ബലത്തിലാണ് വൈദ്യുതി പോസ്റ്റ് നിലം പൊത്താതെ നിൽക്കുന്നത്. പോസ്റ്റ് സ്ഥാപിച്ചിരിക്കുന്ന മണ്ണ് മഴക്കാലത്ത് ഇളകി മാറുന്നതും അപകട സാദ്ധ്യതയേറുകയാണ്. പോസ്റ്റുകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇതിനോടനുബന്ധിച്ചുള്ള ട്രാൻസ്ഫോമർ താഴേക്ക് പതിയും. ട്രാൻസ്ഫോമർ സ്ഥാപിച്ചിരിക്കുന്നത് തൊടുപുഴ - പുളിയന്മല സംസ്ഥാന പാതയോട് ചേർന്നാണ്. ചെറുതും വലുതുമായ ആയിരക്കണക്കിന് വാഹനങ്ങളാണ് ഇത് വഴി കടന്ന് പോകുന്നതും. കൂടാതെ ഇതിനോട് ചേർന്ന് നിരവധി സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. മലങ്കര, മുട്ടം, തൊടുപുഴ പ്രദേശങ്ങളിലേക്കുള്ള വൈദ്യതി ലൈൻ ഈ ട്രാൻസ്ഫോമറുമായി ബന്ധിപ്പിച്ചിട്ടുണ്ട്.