ഇടുക്കി : ജില്ലയിലെ പരാതി പരിഹാരത്തിന് പുതിയ പ്രതീക്ഷയാകുന്ന ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് 'സഫലം 2020' നെടുംങ്കണ്ടം മിനിസിവിൽ സ്റ്റേഷനിൽ നടത്തിയപ്പോൾ നിരവധി അപേക്ഷകർക്കാണ് ആശ്വാസമായത്. ജനങ്ങളുടെ പരാതി താലൂക്ക്തലത്തിൽ പരിഹരിക്കാനാണ് സഫലം പദ്ധതി. കഴിഞ്ഞ ദിവസം തൊടുപുഴ താലൂക്കിലെ പരാതി പരിഹാര അദാലത്ത് തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ നടപ്പോൾ നിരവധി പരാതികൾക്ക് പരിഹാരം കാണാനായിരുന്നു.ജില്ലയിൽ വിവിധ പ്രദേശങ്ങളിലെ ഭൂപ്രശ്നങ്ങൾ അടക്കം നിരവധി പ്രശ്നങ്ങൾ അദാലത്തുകളിലൂടെ എത്രയും വേഗം പരിഹരിക്കുകയാണ്് ലക്ഷ്യമെന്നും അദാലത്തിന് മുന്നോടിയായി ജില്ലാ കളക്ടർ എച്ച്. ദിനേശൻ പറഞ്ഞു.
ഉടുമ്പൻചോല താലൂക്കിൽ ഓൺലൈനായി 41 പരാതികളാണ് ലഭിച്ചത്. ഇതിൽ 38 പരാതികളും തീർപ്പാക്കി. മൂന്ന് പരാതികൾ തുടർ നടപടികൾക്കായി കൈമാറി. 15 ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തികരിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. റവന്യുവകുപ്പുമായി ബന്ധപ്പെട്ട് 31 പരാതികളും പഞ്ചായത്ത് 3, കെഎസ്ഇബി 3, ലീഡ് ബാങ്ക്, അക്ഷയ, ലൈഫ് മിഷൻ, പോലീസ് ഡിപ്പാർട്‌മെന്റുകളുമായി ബന്ധപ്പെട്ട് ഒരോ പരാതികൾ വീതവുമാണ് അദാലത്തിൽ ലഭിച്ചത്. വസ്തു അതിർത്തി തർക്കം, പട്ടയപ്രശ്നം, സർവ്വേറീസർവ്വേ നടപടികളിലെ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിലാണ് കൂടുതലായും പരാതികൾ ലഭിച്ചത്. അദാലത്തിൽ പ്രത്യേക കൗണ്ടർ വഴി നേരിട്ടും പരാതികൾ സ്വീകരിച്ചു. ഇത്തരത്തിൽ ലഭിച്ച 38 പരാതികൾ അന്വേഷിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും കളക്ടർ നിർദേശിച്ചു. നേരിട്ട് കിട്ടിയ പരാതികൾ അദാലത്തിലെ അക്ഷയ കൗണ്ടർ വഴി ഓൺലൈനായും രജിസ്റ്റർ ചെയ്തു.
പരാതിക്കാരുടെയും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കളക്ടറുടെ നേതൃത്വത്തിൽ പരാതികൾ പരിശോധിച്ചത്. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ആന്റണി സ്‌കറിയ, ആർ.ഡി.ഒ അതുൽ സ്വാമിനാഥ്, ഡെപ്യൂട്ടി കളക്ടർ(എൽ.എ ) സാബു കെ. ഐസക്ക്, ഡെപ്യൂട്ടി കളക്ടർ(ആർ.ആർ) അലക്സ് ജോസഫ്, തഹസിൽദാർ നിജു കുര്യൻ, ക്രൈംബ്രാഞ്ച് ഡി.വൈ എസ്.പി പയസ് ജോർജ്ജ്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ അദാലത്തിന് നേതൃത്വം നൽകി.