തൊടുപുഴ: നാളെ മുതൽ മാർച്ച് 23 വരെ നടക്കുന്ന ദേശീയ കുളമ്പ് രോഗ പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞത്തിന്റെ ഭാഗമായി ഒരു ലക്ഷത്തോളം കന്നുകാലികൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. സാജു ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പശു, കാള, പോത്ത്, എരുമ എന്നിവയ്ക്കാണ് കുത്തിവെയ്‌പ്പെടുക്കുന്നത്. ഇന്ത്യയെ 2030ന് മുമ്പായി കുളമ്പ് രോഗ നിയന്ത്രിത മേഖലയാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസംസ്ഥാന സർക്കാരുകൾ കേരള മൃഗസംരക്ഷണ വകുപ്പ് പദ്ധതി നടപ്പാക്കുന്നത്. വീടുകൾ കയറിയാണ് കുത്തിവെയ്‌പ്പെടുക്കുന്നത്. ഇതിനായി വെറ്ററിനറി ഡോക്ടർമാരുടെ മേൽനോട്ടത്തിൽ 126 സ്‌ക്വാഡുകൾ ജില്ലയിലിറങ്ങും. ഓരോ സ്‌ക്വാഡിലും ഒരു ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടറും സഹായിയുമുണ്ടാകും. കുത്തിവെപ്പിന് മുന്നോടിയായി എല്ലാ കന്നുകാലികൾക്കും 12 അക്ക ടാഗ് നമ്പർ നൽകും. ഇതും ഉടമസ്ഥന്റെ ആധാർ നമ്പരും ഐ.എൻ.എ.പി.എച്ച് എന്ന ഇൻഫർമേഷൻ പോർട്ടലിൽ അപ്‌ലോഡ് ചെയ്യും. തുടർന്ന് കുത്തിവെയ്‌പ്പെടുത്ത് കന്നുകാലിക്ക് ആരോഗ്യ കാർഡ് നൽകുന്നതോടെ പ്രവർത്തനം പൂർത്തിയാക്കും. 2019ലെ സെൻസസ് പ്രകാരം 97397 കന്നുകാലികൾ ജില്ലയിലുണ്ടെന്നാണ് കണക്ക്. ഇവയ്ക്കും പുതുതായി ജനിച്ച നാല് മാസം പ്രായമുള്ള കന്നുകാലികൾക്കും കുത്തിവെയ്‌പ്പെടുക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ കോ- ഓർഡിനേറ്റർ ഡോ. ജിജിമോൻ ജോസഫ്, എപ്പിഡെർമോളജിസ്റ്റ് ഡോ. ആശാകുമാരി, പി.ആർ.ഒ ഡോ. ബിജു ജെ. ചെമ്പരത്തി എന്നിവരും പങ്കെടുത്തു.