ചെറുതോണി : കാലപ്പഴക്കംമൂലം അപകടാവസ്ഥയിലായതിനെ തുർന്ന് മറ്റൊരു കെട്ടിടത്തിലേക്ക് പ്രവർത്തനം താല്ക്കാലികമായി മാറ്റിയ ഇടുക്കി താലൂക്ക് ഓഫീസിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. കഴിഞ്ഞ മഴക്കാലത്തോടെ മേൽക്കൂര ഏതുനിമിഷവും നിലംപതിക്കാമെന്ന അപകടാവസ്ഥയെ തുർന്ന് വാഴത്തോപ്പ് പഞ്ചായത്തിന്റെ അധീനതയിലുള്ള ചെറുതോണി ടൗൺ ഹാളിലേക്ക് ഓഫീസ് താല്കാലികമായി മാറ്റിയിരുന്നു. ഓഫീസിന്റെ നവീകരണത്തിന് റോഷി അഗസ്റ്റിൻ എംഎൽഎ 23.5 ലക്ഷം രൂപ അനുവദിച്ചെങ്കിലും മെയിന്റനൻസ് പ്രവർത്തികൾ എംഎൽഎ ഫണ്ടിൽ നിന്നും നടപ്പിലാക്കാനാവാത്തതുമൂലം തടസ്സം നേരിട്ടു. തുടർന്ന് എംഎൽഎ മന്ത്രിയുമായി ധനകാര്യവകുപ്പുമന്ത്രിമായി ചർച്ച നടത്തിയതിനെ തുടർന്ന് താലൂക്ക് ഓഫീസ് നവീകരണത്തിന് എംഎൽഎ ഫണ്ട് ഉപയോഗിക്കുന്നതിന് പ്രത്യേക അനുമതി നൽകുകയായിരുന്നു. ജീർണ്ണിച്ച മേൽക്കൂരകൾ മാറ്റി പകരം ഇരുമ്പുകേഡറുകളിൽ റൂഫിംഗ് ഷീറ്റുകൾ മേയുകയും ചൂടും ശബ്ദവും കുറയ്ക്കുന്നതിന് സീലിംഗും നടത്തി മികച്ച ഓഫീസാക്കി മാറ്റി. ഇതോടൊപ്പം ഓഫീസ് മെയിന്റനൻസിനായി 14 ലക്ഷം രൂപ റവന്യൂവകുപ്പ് മുഖേന ജില്ലാ കളക്ടർ കൂടി അനുവദിച്ചുനൽകിയതോടെ കെട്ടിടം ടെയിൽ പാകുന്നതിനും പെയിന്റടിച്ചു കൂടുതൽ മോടിയാക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. ഓഫീസിന് മുൻവശത്തെ കാട് വെട്ടിത്തെളിച്ച് ഇരിപ്പിടങ്ങളും പൂന്തോട്ടവും ക്രമീകരിക്കാനുള്ള ശ്രമവും നടന്നുവരികയാണ്.