തൊടുപുഴ: ജൈവ വിഭവങ്ങളുടെ വിപണനത്തിനായി ട്രൈബൽ കർഷക കൂട്ടായ്മയിൽ ജില്ലയിൽ ട്രൈബൽ ഇക്കോ ഷോപ്പ് ആരംഭിക്കും. ഐക്യമലയരയ മഹാസഭയുടെ നേതൃത്വത്തിലാണ് പദ്ധതി. ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, വയനാട് ജില്ലകളിൽ പ്രവർത്തിക്കുന്ന ട്രൈബൽ ജൈവകർഷക സംഘത്തിലൂടെ ശേഖരിക്കുന്ന ഉത്പന്നങ്ങളും ജൈവ പച്ചക്കറികളും ഉപഭോക്താക്കളിൽ നേരിട്ടെത്തിക്കുന്നതാണ് പദ്ധതി. പട്ടികവർഗ ഗ്രാമങ്ങളിൽ ജൈവ കൃഷി പരിപോഷിപ്പിക്കുകയും ഉയർന്ന ഗുണനിലവാരമുള്ള കാർഷികോത്പന്നങ്ങൾ ഉത്പാദിപ്പിക്കുകയും ലക്ഷ്യമിടുന്നു. ഇതിലൂടെ കർഷകർക്ക് അർഹമായ വിലയും ലഭിക്കും. നാടുകാണിയിൽ സംസ്ഥാന പാതയോരത്തെ ബഹുനില മന്ദിരത്തിലാണ് ഇക്കോ ഷോപ്പ് പ്രവർത്തനം ആരംഭിക്കുന്നത്. ആരോഗ്യവും ആയുസും സംരക്ഷിക്കാൻ ജൈവികതയിലേക്ക് മടങ്ങുക എന്ന സന്ദേശമാണ് പദ്ധതി മുന്നോട്ടു വയക്കുന്നത്. ട്രൈബൽ ഇക്കോ ഷോപ്പിന്റെയും ജൈവകർഷക സംഗമത്തിന്റെയും ഉദ്ഘാടനം മന്ത്രി എം.എം. മണി 29ന് രാവിലെ 10ന് നാടുകാണിയിലെ നിർദിഷ്ട ട്രൈബൽ ആർട്‌സ്ആന്റ് സയൻസ് കോളേജ് ക്യാമ്പസിൽ നിർവഹിക്കും. മുൻ കാലങ്ങളിൽ ട്രൈബൽ മേഖലയിൽ തന്നെ ഇവർക്കാവശ്യമായ ഭക്ഷ്യ വിഭവങ്ങൾ ഉത്പാദിപ്പിച്ചിരുന്നു. പിന്നീട് ഇവയെല്ലാം അപ്രത്യക്ഷമായി. ഇത്തരം വിഭവങ്ങൾ വീണ്ടെടുക്കുകയും ഇടനിലക്കാരുടെ ചൂഷണം ഇല്ലാതാക്കുകയുമാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. വിഭവങ്ങൾ വിവിധ ഇടങ്ങളിൽ നിന്ന് സമാഹരിച്ച് നാടുകാണിയിൽ എത്തിച്ച് തരം തിരിച്ച് എക്കോ ഷോപ്പ് വഴി വിൽപ്പനയ്ക്കെത്തിക്കുകയാണ് ലക്ഷ്യം. ടൂറിസം സാധ്യതകളും കൂടി പ്രയോജനപ്പെടുത്തുന്ന രീതിയിലാകും ഷോപ്പിന്റെ പ്രവർത്തനമെന്നും അധികൃതർ പറഞ്ഞു. ഐക്യ മലഅരയ മഹാസഭ ജനറൽ സെക്രട്ടറി പി.കെ.സജീവ് ആമുഖ പ്രസംഗം നടത്തും. സംസ്ഥാന പ്രസിഡന്റ് സി.ആർ.ദിലീപ് കുമാർ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അംഗം കെ.എൽ. ജോസഫ് വിവിധ ജില്ലകളിലെ ജൈവകർഷക സംഘങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. ട്രൈബൽ ഇക്കോ ഷോപ്പിലെ ആദ്യ വില്പന പഞ്ചായത്ത് പ്രസിഡന്റ് ടോം ജോസ് കുന്നേൽ നിർവഹിക്കും. മല അരയ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ കെ.ആർ. ഗംഗാധരൻ ഉത്പന്ന സ്വീകരണം നടത്തും. വാർത്താ സമ്മേളനത്തിൽ ഐക്യമലഅരയ മഹാസഭ ജില്ലാ സെക്രട്ടറി എം.കെ. സജി, ശബരീശ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. വി.ജി. ഹരീഷ് കുമാർ, മലഅരയ വനിതാ സംഘടന പ്രസിഡന്റ് കരിഷ്മ അജേഷ് കുമാർ, യുവജന സംഘടന ജില്ലാ സെക്രട്ടറി അജയ സിജി, ഐക്യമലഅരയ മഹാസഭ സംസ്ഥാന സമിതി അംഗം ഇ.കെ. കൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.