തൊടുപുഴ: കാരിക്കോട് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനവും 28ന് നടക്കും. രാത്രി 7.30ന് മേജർ ലാൽകൃഷ്ണ അനുസ്മരണവും നാലാമത് കാരികോട്ടമ്മ കീർത്തി മുദ്ര പുരസ്‌കാര സമർപ്പണവും നടക്കും. ആർഷ വിദ്യാ സമാജം ഡയറക്ടർ ആചാര്യ കെ.ആർ. മനോജ് പ്രഭാഷണം നടത്തും. 10.45 ന് ഗോകുലം എന്റർടൈൻമെന്റ് കൊട്ടാരക്കരയുടെ 'സഹസ്രമുഖൻ" എന്ന നൃത്ത നാടകവും അരങ്ങേറും. 22ന് ആരംഭിച്ച ഉത്സവം മാർച്ച് ഒന്നിന് ആറാട്ടോടെ സമാപിക്കും. ഉത്സവത്തിന്റെ അഞ്ചാംദിവസം കോട്ടയ്ക്കകം സർപ്പക്കാവ് ക്ഷേത്രത്തിലേക്കുള്ള എതിരേൽപ്പ് നടക്കും. ആറാംദിവസം തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തലേക്കുള്ള എതിരേൽപ്പ്, അശ്വതി നാളിൽ തങ്കഅങ്കി ചാർത്തിയുള്ള ദർശനം, വിവിധ കരകളിൽ നിന്നുള്ള താലപ്പൊലി ഘോഷയാത്ര, അശ്വതിഊട്ട്, അശ്വതിവിളക്ക്, കോട്ടകത്തിക്കൽ, ഭരണി നാളിൽ ഗരുഡൻ തൂക്കം എന്നിവ അനുഷ്ഠാന ചടങ്ങുകളായി ആചരിക്കും. 29ന് ചലച്ചിത്ര പിന്നണി ഗായകൻ അനിൽകുമാർ തിരുവനന്തപുരം നയിക്കുന്ന നാദലയം ഓർക്കസ്ട്രയുടെ ഗാനമേളയും ഉണ്ടാകും. മാർച്ച് മൂന്നിന് മഹാദേവ പ്രതിഷ്ഠാ ദിനത്തിൽ മഹാദേവന് കലശവും കലശപൂജയും ദേവിക്ക് ഇഷ്ട വഴിപാടായ ചാന്താട്ടവും നടക്കും. വാർത്താസമ്മേളനത്തിൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ.ആർ. രാജീവ് കുരിക്കാട്ട്,​ ഉത്സവ കമ്മിറ്റി ചെയർമാൻ വേണുഗോപാൽ നായർ,​ ക്ഷേത്ര ഉപദേശക സമിതി ആക്ടിംഗ് സെക്രട്ടറി പി.കെ. ഹരീഷ് പറപ്പള്ളിൽ എന്നിവർ പങ്കെടുത്തു.