എൽ.ഡി.എഫ്. ധർണ നടത്തി
സാങ്കേതിക പിഴവെന്ന് അധികൃതർ
കട്ടപ്പന: ജീവനക്കാർ വരുത്തിയ പിഴവുമൂലം ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ പദ്ധതികൾ അനിശ്ചിതത്വത്തിലായതായി ആക്ഷേപം. ഇതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ്. നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. എന്നാൽ സാങ്കേതിക പിഴവുമാത്രമാണെന്നും 29ന് പ്രശ്നം പരിഹരിക്കപ്പെടുമെന്നുമാണ് പഞ്ചായത്തിന്റെ വിശദീകരണം. സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെയാണ് ജീവനക്കാരുടെ പിഴവുമൂലം പഞ്ചായത്തുകളിലെ എട്ടുപദ്ധതികൾ മുടങ്ങിയത്. ഡി.പി.സി. അംഗീകാരം കിട്ടിയ 60 ലക്ഷം രൂപയുടെ പദ്ധതികളാണിത്. റോഡ് ടാറിംഗ്, സോളിംഗ്, അറ്റകുറ്റപ്പണി എന്നിവയുമായി ബന്ധപ്പെട്ടതാണ് ഏറെയും. ടെൻഡർ നടപടി പൂർത്തീകരിച്ച പദ്ധതികളിൽ ചിലത് കരാറുകാർ നിർമാണം ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞദിവസം കരാറുകാരൻ പാർട്ട് ബില്ല് മാറാൻ എത്തിയപ്പോഴാണ് സാങ്കേതികപ്പിഴവ് സംഭവിച്ചതായി പുറത്തറിയുന്നത്. എ.ഇയുടെ അംഗീകാരത്തോടെ സെക്രട്ടറി കൈമാറിയപ്പോൾ ഓൺലൈൻ പോർട്ടലിൽ ബില്ല് ഉണ്ടായിരുന്നില്ല. റിവിഷൻ പദ്ധതി വിവരങ്ങൾ ഡി.പി.സിക്ക് കൈമാറുന്നതിനായി ഓൺലൈനിൽ ചെയ്യുന്നതിനിടെയാണ് സെക്ഷൻ ക്ലർക്കിനു പിഴവ് സംഭവിച്ചത്. ഇതോടെ മറ്റു ഏഴു പദ്ധതികളും അനിശ്ചിതത്വത്തിലായി. ഇക്കാര്യം തിരുവനന്തപുരം എസ്.ആർ.ജിയിൽ അറിയിച്ചിട്ടുണ്ടെന്നും 29ന് തകരാർ പരിഹരിച്ച് വെബ്‌സൈറ്റ് ഓപ്പൺ ചെയ്യാൻ കഴിയുമെന്നുമാണ് പഞ്ചായത്ത് അധികൃതരുടെ വാദം. ഒരുമാസത്തിനു മുമ്പ് ഉണ്ടായ വീഴ്ച രഹസ്യമാക്കി വച്ചതായി എൽ.ഡി.എഫ്. ആരോപിച്ചു. ഇക്കാര്യം പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനും സെക്രട്ടറിക്കും മാത്രമാണ് അറിയാമായിരുന്നത്. കഴിഞ്ഞ 22ന് പഞ്ചായത്ത് കമ്മിറ്റിയിൽ ഇക്കാര്യം വെളിപ്പെടുത്തിയപ്പോഴാണ് മറ്റ് അംഗങ്ങൾ അറിഞ്ഞതെന്നും എൽ.ഡി.എഫ്. അംഗങ്ങൾ പറയുന്നു. ഭരണസമിതി പഞ്ചായത്തിന്റെ വികസനത്തെ പിന്നോട്ടടിക്കുകയാണ്. യു.ഡി.എഫ്. അംഗങ്ങൾ തമ്മിൽ തർക്കങ്ങൾ മാത്രമാണ് നടക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു. സി.പി.എം. കട്ടപ്പന ഏരിയ കമ്മിറ്റിയംഗം പി.ബി. ഷാജി സമരം ഉദ്ഘാടനം ചെയ്തു. സി.പി.എം. ഇരട്ടയാർ ലോക്കൽ സെക്രട്ടറി ലിജു വർഗീസ് അധ്യക്ഷത വഹിച്ചു. വി.എസ്. ഷാജി, ടോമി മണ്ണിപ്ലാക്കൽ, കെ.ഡി. രാജു, മോളി രാജൻ, സിജോ ഇലന്തൂർ തുടങ്ങിയവർ പങ്കെടുത്തു.