thankaraj

രാജകുമാരി: കാട്ടാനയുടെ ചവിട്ടേറ്റ ഭിന്നശേഷിക്കാരനായ വൃദ്ധൻ മരിച്ചു. അപ്പർസൂര്യനെല്ലി ലെയിൻസിൽ താമസിക്കുന്ന തങ്കരാജാണ് (71) മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ അപ്പർ സൂര്യനെല്ലിക്ക് സമീപം റോഡിലാണ് കാട്ടാന ആക്രമണമുണ്ടായത്. പഞ്ചായത്ത് ഓഫീസിൽ പോയതിന് ശേഷം വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ ലെയിൻസിന് നൂറ് മീറ്ററോളം അടുത്ത് യൂക്കാലിപ്‌റ്റസ് കാട് നിറഞ്ഞ ഭാഗത്ത് എത്തിയപ്പോൾ എതിരെ വന്ന കാട്ടാന ആക്രമിക്കുകയായിരുന്നു. വലതു കാലിന് സ്വാധീനക്കുറവുള്ള തങ്കരാജിന് ഓടി മാറാൻ കഴിഞ്ഞില്ല. നിലത്തു വീണ തങ്കരാജിന്റെ ഇരുകാലുകളിലും കാട്ടാന ചവിട്ടി. നിലവിളി കേട്ടെത്തിയ നാട്ടുകാർ തങ്കരാജിനെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരും ആശുപത്രിയിൽ എത്തിയിരുന്നു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ: രാജമ്മ. മക്കൾ: മനോജ്, ചിത്രകനി. മരുമക്കൾ: ശാന്ത, സ്വാമി.

ഒരു മാസത്തിലേറെയായി പ്രദേശത്ത് കാട്ടാനക്കൂട്ടങ്ങളുടെ ശല്യം രൂക്ഷമാണ്.രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് കാട്ടാനകൾ ഒറ്റയ്ക്കും കൂട്ടമായും ജനവാസ കേന്ദ്രങ്ങളിൽ കറങ്ങി നടക്കുന്നത്. തേയില ഫാക്ടറികളിൽപണിയെടുക്കുന്നവർ രാത്രി ഷിഫ്‌റ്റ് കഴിഞ്ഞ് ഭീതിയോടെയാണ് വീടുകളിലേക്ക്മടങ്ങുന്നത്. സ്ഥലത്ത് വനം വകുപ്പിന്റെ രണ്ട് വാച്ചർമാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും
കാട്ടാന ശല്യത്തിന് അറുതിയില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.