ചെറുതോണി: മൊത്ത വിൽപ്പനയ്ക്കായി കഞ്ചാവ് സൂക്ഷിച്ച മദ്ധ്യവയസ്‌ക്കനെയും സ്ത്രീയേയും ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു. വാഴത്തോപ്പ് പള്ളിക്ക് സമീപം താമസിക്കുന്ന ചക്കുന്നുംപുറത്ത് ബാബു (48) കൂടെ താമസിക്കുന്ന വനിത രാമറാണി (43) എന്നിവരാണ് അറസ്റ്റിലായത്. ഇടുക്കി എസ് ഐ ടി.സി മുരുകനു കിട്ടിയ രഹസ്യ വിവരത്തിനെ തുടർന്ന് മൂന്ന് ദിവസമായി നടത്തിയ ശ്രമത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. കഞ്ചാവു വാങ്ങാനെന്ന വ്യാജേനെ എസ് ഐ പ്രതിയുമായി പരിചയപ്പെടുകയും കച്ചവടം ഉറപ്പിക്കുകയുമായിരുന്നു. ഒന്നര കലോ കഞ്ചാവു വാങ്ങാനാണ് കച്ചവടമുറപ്പിച്ചത്. ഇതനുസരിച്ച് ഇന്നലെ ഉച്ചയോടെ ഒന്നര കലോ കഞ്ചാവുമായി പ്രതി എത്തുകയായിരുന്നു. കാത്തു നിന്ന എസ് ഐ ടി.സി മുരുകനും സംഘവും ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ വീട്ടിൽ കൂടുതൽ കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ടെന്ന് ഇയാൾ സമ്മതിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരശോധനയിൽ 3.200 കിലോ കഞ്ചാവു കൂടി കണ്ടെത്തുകയായിരുന്നു. കഞ്ചാവ് വിൽപ്പനയ്ക്കും മറ്റുമായി കഴിഞ്ഞ രണ്ട് മാസമായി രാമറാണി ബാബുവിനൊപ്പമുണ്ടെന്ന് പൊലീസ് പറഞ്ഞു. സി.ഐ സിബിച്ചൻ ജോസഫ്, എസ് ഐ ടി സി മുരുകൻ, എ എസ് ഐ സി.പി.ഒ ജമീല, ജിതിൻ സണ്ണി, ജയേഷ് എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.