വണ്ടിപ്പെരിയാർ: ഡൈമുക്ക് 24 പുതുവലിൽ അമ്പത്തഞ്ചുകാരിയായ വീട്ടമ്മ കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിരയായ ശേഷമെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട്. കേസിൽ അറസ്റ്റിലായ കന്നിമാർച്ചോല ബംഗ്ലാമൊട്ട പുതുവൽ രതീഷിനെ (28) പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഞാറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. രതീഷും രണ്ട് സുഹൃത്തുക്കളും ഡൈമുക്കിനു സമീപത്തെ തേയിലത്തോട്ടത്തോട് ചേർന്ന് ആട്ടോറിക്ഷയിൽ ഇരുന്ന് മദ്യപിക്കുകയായിരുന്നു. തുടർന്ന് സമീപത്തെ കാറ്റാടി മരത്തിൽ കൂടുകൂട്ടിയിരുന്ന തത്തയെ പിടികൂടാൻ മരത്തിൽ കയറി. ഈ സമയത്താണ് മരത്തിൽ നിന്ന് പ്രതി വീട്ടമ്മയെ കാണുന്നത്. ഇതോടെ തത്തയെ കൂട്ടുകാർക്ക് നൽകി ആട്ടോറിക്ഷയിൽ കയറിയ പ്രതി തന്ത്രപൂർവം കൈയിൽ ബിഗ് ഷോപ്പറിൽ കരുതിയ കത്തി താഴെയിട്ടു. കത്തിയെടുക്കാൻ വാഹനത്തിന് പുറത്തിറങ്ങിയ പ്രതി കൂട്ടുകാരെ പറഞ്ഞയച്ചു. പിന്നീട് വീട്ടമ്മയുടെ സമീപത്തെത്തി തത്തയെ 500 രൂപയ്ക്ക് നൽകാമെന്ന് പറഞ്ഞു. പണമില്ലെന്ന് പറഞ്ഞ വീട്ടമ്മയോട് ലൈംഗീക ചുവയോടെ സംസാരിച്ചു. ആവശ്യം നിരസിച്ച വീട്ടമ്മയെ പ്രതി കടന്നുപിടിക്കുകയായിരുന്നു. എതിർത്ത വീട്ടമ്മയെ കൈയിൽ കരുതിയ കത്തിയുടെ പിൻഭാഗം കൊണ്ട് തലയ്ക്കടിച്ചു. ബോധരഹിതയായ ഇവരെ രതീഷ് ബലാത്സംഗം ചെയ്ത ശേഷം സമീപത്തെ തേയില ചുവട്ടിലേക്ക് വലിച്ചിഴച്ചു. ഇതിനിടെ വീട്ടമ്മയ്ക്ക് ബോധം വന്നതോടെ വീണ്ടും കത്തികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി തന്നെ പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തു. മണിക്കൂറുകൾ ചോദ്യം ചെയ്ത ശേഷമാണ് ഇയാൾ കുറ്റം സമ്മതിച്ചത്. തുടർന്ന് തെളിവെടുപ്പിനായി പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചപ്പോൾ നാട്ടുകാർ രോഷാകുലരായി. രതീഷ് മുമ്പും സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.