തൊടുപുഴ: ബ്രോ, ഈ കലോത്സവം നടക്കണത് എവിടെയാണ്...?
എം.ജി സർവകലാശാലാ കലോത്സവമല്ലേ.. അത് നമ്മുടെ പെരുമ്പിള്ളിച്ചിറ അൽ- അസ്ഹർ കോളേജില്ലല്ലേ ടീമേ... അല്ല, എവിടെന്നാന്നേ..?
നുമ്മ കൊച്ചീന്നാ ബ്രോ, എങ്ങനെയാ മച്ചാനെ ആ വേദിയിലൊന്നെത്തുക?
വണ്ടിയുണ്ടെങ്കിൽ 10 മിനിട്ടിൽ എത്താടാവേ... ഇല്ലെങ്കിൽ എവിടെ നിന്നാലും ബസ് കിട്ടൂന്നേ. അതുമല്ലെങ്കിൽ ഓട്ടോ വിളിച്ചോ, 70- 80 രൂപ കൊടുത്താൽ മതി. അതിൽകൂടുതൽ ചോദിച്ചാൽ കൊടുക്കണ്ടാട്ടോടാവേ...
താങ്ക്സ് ബ്രോ, മച്ചാൻ പൊളിയാട്ടാ...
നീ അടിച്ചുപൊളിച്ചു സമ്മാനം മേടിച്ച് പോടാവേ
ഇനിയുള്ള ദിവസങ്ങളിൽ തൊടുപുഴ ടൗണിൽ ഹൈറേഞ്ചിൽ നിന്നും എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള യുവകലാകാരന്മാരെ കൊണ്ട് നിറയും. എല്ലാവരെയും രണ്ട് കൈയും നീട്ടി സ്വീകരിക്കാനൊരുങ്ങുകയാണ് തൊടുപുഴ. നാളെ മുതൽ നാലുനാൾ തൊടുപുഴയെന്ന മലയോര നഗരം കലയുടെ ഹബ്ബായി മാറും.
വിളംബരജാഥ വേറെ ലെവൽ
കലോത്സവത്തിന്റെ വിളംബരജാഥ കോളേജ് വിദ്യാർത്ഥികൾ ഏറ്റെടുത്തതോടെ വേറെ ലെവലായി മാറി. കത്തുന്ന വെയിലിന് പുല്ലുവില നൽകി തൊടുപുഴ മങ്ങാട്ടുകവല ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ഗാന്ധിസ്ക്വയറിലേക്ക് നടത്തിയ ജാഥയിൽ പെൺകുട്ടികളടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു. ആതിഥേയരായ തൊടുപുഴ അൽ അസ്ഹർ കോളേജ്, ന്യൂമാൻ കോളേജ്, കോഓപ്പറേറ്റീവ് സ്‌കൂൾ ഓഫ് ലോ, മുട്ടം ഐ.എച്ച്.ആർ.ഡി. കോളേജ്, സെന്റ്. ജോസഫ് കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് ജാഥയിൽ അണി നിരന്നത്. കുതിരയും കുതിര വണ്ടിയും, ചെണ്ടമേളം, മയിലാട്ടം, നൃത്തരൂപങ്ങൾ തുടങ്ങിയവയൊക്കെ കൊണ്ട് ഉത്സവമേളമായി മാറി. കണ്ണുമൂടിയ നീതിദേവതയുടെ മുമ്പിൽ കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ നിസഹായനായി നിൽക്കുന്ന അട്ടപ്പാടിയിലെ മധു, സ്ത്രീധനം വേണ്ടെന്ന് ആഹ്വാനം ചെയ്യുന്ന ദമ്പതിമാർ, പ്രകൃതി ചൂഷണത്തിനെതിരെ ശബ്ദിക്കുന്നവർ എന്നിവരടങ്ങിയ നിശ്ചലദൃശ്യങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചമായിരുന്നു. വിളംബര ജാഥയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച കോളേജുകൾക്കുള്ള ഒന്നാം സ്ഥാനം അൽ- അസ്ഹർ കോളേജും രണ്ടാം സ്ഥാനം മുട്ടം ഐ.എച്ച്.ആർ.ഡി കോളേജും മൂന്നാം സ്ഥാനം തൊടുപുഴ ന്യൂമാൻ കോളേജും സ്വന്തമാക്കി.
നാളെ തുടക്കം
വൈകിട്ട് നാല്- മുഖ്യവേദി
മന്ത്രി ഡോ. കെ ടി ജലീൽ കലോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി എം.എം. മണി അദ്ധ്യക്ഷൻ
ഉദ്ഘാടന ശേഷം മുഖ്യ വേദിയിൽ തിരുവാതിരകളി മത്സരം
രണ്ടാം വേദിയിൽ മൈം
മൂന്നാം വേദിയിൽ ഭരതനാട്യം (ആൺ)
ഇതാദ്യമല്ലടാവേ...
ഇത്യാദമായല്ല നമ്മൾ തൊടുപുഴക്കാർ എം.ജി കലോത്സവത്തെ വരവേൽക്കുന്നത്. നാല് വർഷം മുമ്പ് 2016ലും അൽ- അസ്ഹർ കോളേജ് എം.ജി സർവകലാശാ കലോത്സവത്തിന് ആതിഥ്യമരുളുയിരുന്നു. അന്ന് എറണാകുളം സെന്റ് തെരേസാസ് കോളേജിലെ പിള്ളാരാ കപ്പടിച്ചത്.
എന്നതാ ഈ ആർട്ടിക്കിൾ 14
മുൻ കലോത്സവങ്ങളുടെയൊക്കെ പേരുകൾ അലത്താളം, അശാന്തം, സപര്യ ഇങ്ങനെയൊക്കെയായിരുന്നു. എന്നാൽ ഇത്തവണത്തെ പേര് അൽപ്പം വൈറൈറ്റിയാണ്- ആർട്ടിക്കിൾ 14. അതെന്താ അങ്ങനൊരു പേര്..? ചോദിച്ചാൽ സംഘാടകർ വാചാലരാകും. ഇന്ത്യൻ ഭരണഘടനയുടെ മർമ്മമാണ് ആർട്ടിക്കിൾ 14. എല്ലാവരും തുല്യരാണ് എന്ന് ഭരണഘടന നൽകുന്ന ഉറപ്പ്. രാജ്യത്ത് മതം, വംശം, ജാതി, ലിംഗം എന്നിവയുടെ പേരിൽ വിവേചനം പാടില്ലെന്ന് വ്യക്തമാക്കുകയും തുല്യത ഉറപ്പുവരുത്തുകയും ചെയ്യുന്ന മൗലികാവകാശം. അതിനാൽ ഈ കെട്ടകാലത്ത് ഈ പേരിന് പ്രസക്തിയേറെയാണെന്ന് അവർ പറയുന്നു. ഈ കാലഘട്ടത്തിൽ ഒരു സർവകലാശാല കലോത്സവത്തിന് ഇടാൻ പറ്റിയ ഏറ്റവും അനുയോജ്യമായ പേരാണിതെന്ന് ഡീൻ കുര്യാക്കോസ് എം.പിയും പറഞ്ഞു.