തൊടുപുഴ: സ്ത്രീകളുടെ സുരക്ഷക്കും അവരനുഭവിക്കുന്ന പീഡനങ്ങൾ പുറത്തെത്തിച്ച് നിയമപരമായ സംരക്ഷണമൊരുക്കുന്നതിനും പ്രാദേശിക തലത്തിൽ 'ജാഗ്രതാ സമിതികളുടെ' പ്രവർത്തനം സജീവമാക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ എം.സി.ജോസഫൈൻ പറഞ്ഞു. തൊടുപുഴ ബ്ലോക്ക് തല ജാഗ്രതാ സമിതിയംഗങ്ങളുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെയർപേഴ്‌സൺ. സ്ത്രീകളെ ഭയം നയിക്കുന്ന അവസ്ഥയാണിപ്പോഴുള്ളത്. ഏത് സമയത്തും എവിടെ വച്ചും അക്രമിക്കപ്പെടാം. ഒട്ടുമിക്ക സ്ത്രീകളും പരാശ്രയ ജീവിയാണ്. അതാണവരെ കൂടുതൽ കുഴപ്പത്തിലേക്ക് എത്തിക്കുന്നത്. സംസ്ഥാന, ജില്ലാ, ബ്ലോക്ക് തലങ്ങളിൽ നിലവിൽ ജാഗ്രതാ സമിതികൾ രൂപീകരിച്ചിട്ടുണ്ടെങ്കിലും അതിന്റെ പ്രവർത്തനം നിലവിൽ നിർജീവമാണ്.
നഗരസഭ ആക്ടിങ് ചെയർമാൻ ഷാഹുൽ ഹമീദ് അദ്ധ്യക്ഷനായി. വനിതാ കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു ബിനു, ഏലിക്കുട്ടി മാണി, ജനപ്രതിനിധികളായ മിനി മധു, ജെസി ആന്റണി, ടോമിച്ചൻ മുണ്ടുപാലം, റെനി ജോഷി, നഗരസഭാ സി.ഡി.എസ്. ചെയർപേഴ്‌സൺ ജമീല.കെ.കെ. തുടങ്ങിയവർ സംസാരിച്ചു. എം.എൻ.സുധാകരൻ ക്ലാസ് നയിച്ചു.