തൊടുപുഴ: വിദ്യാഭ്യാസ വായ്പയെടുത്ത് പഠിച്ചിട്ട് ജോലി കിട്ടാതെ കടക്കെണിയിലായവരെ ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തണമെന്ന് എഡ്യൂക്കേഷൻ ലോണീസ് വെൽഫയർ ഓർഗനൈസേഷൻ (ഇ.എൽ.ഡബ്ല്യു.ഒ) ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വായ്പ തിരിച്ചടവ് മുടങ്ങി കടക്കെണിയിലായതിനെ തുടർന്ന് ദുരിതത്തിലായവരെ സഹായിക്കാൻ കേന്ദ്ര-സംസ്ഥാന ബഡ്ജറ്റുകളിൽ ഫണ്ട് അനുവദിക്കാത്ത് പ്രതിഷേധാർഹമാണ്. വിദ്യാഭ്യാസവായ്പ എടുത്തവരോട് സർക്കാർ കാട്ടുന്ന അവഗണനയ്‌ക്കെതിരെ ശക്തമായ സമരം നടത്താനും തീരുമാനിച്ചു. ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി 29ന് രാവിലെ 10ന് തൊടുപുഴ എൻ.എസ്.എസ് ഹാളിൽ കൺവെൻഷൻ നടത്തും. നഗരസഭാ ആക്ടിംഗ് ചെയർമാൻ ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്യും. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം വി.വി. മത്തായി, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി തുടങ്ങിയവർ പങ്കെടുക്കും. രജിസ്‌ട്രേഷൻ രാവിലെ 9.30ന് ആരംഭിക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.വി. തോമസ്, ജില്ലാ പ്രസിഡന്റ് കെ.എം. ഷാജി, സെക്രട്ടറി വി. സതീഷ് കുമാർ, ട്രഷറർ പി.കെ. രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.