കട്ടപ്പന: വലിയ നോമ്പാചരണത്തിന്റെ ഭാഗമായുള്ള എഴുകുംവയൽ കുരിശുമല കയറ്റത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഏഷ്യയിലെ ഏറ്റവും വലിയ ക്രൂശിതരൂപം, തീർഥാടക ദേവാലയം, ദേവാലയത്തിനുള്ളിലെ തോമാശ്ലീഹായുടെ ചിത്രം, വിശുദ്ധ നാട്ടിലെ ഹോളി സെഫുൾക്കറിന്റെ മാതൃകയിൽ പണിതീർത്തിരിക്കുന്ന തിരുക്കല്ലറ, കുരിശിന്റെ വഴിയുടെ 14 സ്ഥലങ്ങൾ, തോമശ്ലീഹായുടെ രൂപം എന്നിവയാണ് തീർഥാടക കേന്ദ്രത്തിലെ പ്രധാന കാഴ്ചകൾ.
നോമ്പിന്റെ വെള്ളിയാഴ്ചകളിൽ രാവിലെ 9.30ന് കുരിശുമല കയറ്റവും കുരിശുമല ദേവാലയത്തിൽ ദിവ്യബലിയും വചനപ്രഘോഷണവും നേർച്ചക്കഞ്ഞി വിതരണവും നടക്കും. ദുഖവെള്ളിയാഴ്ച ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കുരിശുമലയിലേക്ക് വാഹന സൗകര്യമുണ്ടായിരിക്കും. നോമ്പിന്റെ ആദ്യ വെള്ളിയാഴ്ചയായ 28ന് രാവിലെ 9.30ന് മലയടിവാരത്തുള്ള ടൗൺ കപ്പേളയിൽ നിന്നും കുരിശുമലയിലേക്ക് പരിഹാര യാത്ര ആരംഭിക്കും. തിരുക്കർമങ്ങൾക്ക് ഫാ. ജോസഫ് നടുപ്പറമ്പിൽ, ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ തുടങ്ങിയവർ നേതൃത്വം നൽകുമെന്ന് നിത്യസഹായമാതാ പള്ളി വികാരി ഫാ. ജോർജ് പാട്ടത്തെക്കുഴി, സഹവികാരി ഫാ. ജോസഫ് വട്ടപ്പാറ, ജോണി പുതിയാപറമ്പിൽ, സുനിൽ ഈഴക്കുന്നേൽ, ബെന്നി തോലാനിക്കൽ, ബെന്നി അറയ്ക്കൽ, ജോർജ് അരീപ്പറമ്പിൽ, തോമസ് വെച്ചൂർചെരുവിൽ, ബെന്നി കൊങ്ങമല എന്നിവർ അറിയിച്ചു.