ചെറുതോണി: തെരുവു നായ്ക്കൾ ആക്രമിച്ച മ്ലാവിൻ കുഞ്ഞിനെ നാട്ടുകാർ രക്ഷപെടുത്തി. ഇന്നലെ രാവിലെ ആറിന് ചെറുതോണി അണക്കെട്ടിന് സമീപമുള്ള വൈശാലി പാറയ്ക്ക് സമീപം ചെറുതോണിയാറ്റിലൂടെ 25ഓളം തെരുവുനായ്ക്കൾ മ്ലാവിൻ കുഞ്ഞിനെ ഓടിച്ചുകൊണ്ടുവരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ നാട്ടുകാർ തെരുവുനായ്ക്കളെ കല്ലെറിഞ്ഞ് ഓടിച്ചു. ഈ സമയം ഭയന്നുപോയ മ്ലാവിൻ കുഞ്ഞ് ചെറുതോണിയാറ്റിലുള്ള പാറയിടുക്കിലെ ഗുഹയിൽ കയറി രക്ഷപെടുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ നഗരംപാറ റെയ്ഞ്ചാഫീസിലെ വനപാലകരെ അറിയിച്ചു. സ്ഥലത്തെത്തിയ വനപാലകർ മ്ലാവിനെ വലയുപയോഗിച്ച് പിടികൂടി വാഹനത്തിൽ കയറ്റി റെയ്ഞ്ചാഫീസിന് സമീപമുള്ള ഷെൽട്ടർ ഹോമിലെത്തിച്ചു. മണിക്കൂറുകളോളം മ്ലാവിൻ കുഞ്ഞിനെ നിരീക്ഷിച്ചതിനെ തുടർന്ന് പരുക്കോ ക്ഷീണമോ കാണാത്തതിനാൽ വനത്തിലെത്തിച്ച് തുറന്നു വിടുകയായിരുന്നു.