ചെറുതോണി: 2018 ലെ പ്രളയത്തിലും ഉരുൾപൊട്ടലിലുംചെറുതോണി ആലിൻചുവട് റോഡിന്റെ മുകൾ ഭാഗം തകർന്ന് അപകടാവസ്ഥയിലായിരുന്നു. ഇതിന് താഴെ ഭാഗത്തുകൂട കടന്നുപോകുന്ന വാഹനങ്ങളും യാത്രക്കാരും അപകട ഭീഷണിയിലാണ്. തൊടുപുഴ പുളിയൻമല ദേശീയപാതയിലെ ചെറുതോണി മുതൽ ആലിൻചുവട് ഭാഗം വരെയുള്ള ഒന്നര കിലോമീറ്റർ ദൂരത്തിലുള്ള പാതയോരത്ത് വീടുകൾ ഉൾപ്പെടെയുള്ള നിരവധി കെട്ടിടങ്ങളാണ് അപകടാവസ്ഥയിലുള്ളത്. ദേശിയ കർഷക തൊഴിലാളി ഫെഡറേഷന്റെ ജില്ലാ കമ്മിറ്റി ഓഫീസ് കെട്ടിടവും സമീപത്ത് തന്നെ സ്ഥിതി ചെയ്യുന്ന ചെറുതോണി സി.എസ്.ഐ ദേവാലയവും ഇതിന് ഇരു വശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന വീടുകളും ശക്തമായ ഒരു മഴ പെയ്താൽ മണ്ണ് കുതിർന്ന് ഏത് സമയത്തും റോഡിലേക്ക് നിലംപതിക്കാവുന്ന അവസ്ഥയിലാണ്. ദേവാലയത്തിന്റെസെമിസ്‌തേരി ഇപ്പോൾ തന്നെ ഭാഗികമായി തകർന്ന അവസ്ഥയിലാണ്. നിലവിലുള്ള ഭൂരിഭാഗം കെട്ടിടങ്ങളിലും ആൾ താമസം ഉള്ളതാണ്. ചെറുതോണിയിൽ നിന്നും കട്ടപ്പനയിലേക്കുള്ള പാതയിൽ വലത് വശത്ത് കൂടിയാണ് ചെറുതോണി പുഴ ഒഴുകുന്നത്. ചെറുതോണി അണക്കെട്ടിൽ നിന്ന് ശക്തമായി വെള്ളം ഒഴുകി ഇറങ്ങിയതോടെ ദേശിയ പാതയുടെ തൊണ്ണൂറ് ശതമാനം തകരുകയും കാൽനടയാത്ര പോലും സാധ്യമല്ലാതെ വരികയും ചെയ്തിരുന്നു ഈ സമയത്ത് ചെറുതോണി ഇടുക്കി അണക്കെട്ടുകൾ വഴിയും ഗാന്ധിനഗർ കോളനി വഴിയുമാണ് ഗതാഗത സൗകര്യം ഒരുക്കിയിരുന്നത്. എന്നാൽ പ്രളയ ശേഷം കോടികൾ മുടക്കി ചെറുതോണി പുഴയുടെ തീരം കോൺക്രീറ്റ് ഇട്ട് കെട്ടിപ്പൊക്കുകയും വീതി കൂട്ടുകയും ചെയ്തതങ്കിലും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഗാന്ധിനഗർ കോളനി ഉൾപ്പെടുന്ന ഭാഗത്ത് സംരക്ഷണ ഭിത്തി കെട്ടാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. ചെറുതോണി മുതൽ ആലും ചുവട് ഭാഗം വരെയുള്ള ഒന്നര കിലോമീറ്റർ ദൂരത്തിൽ ഇടത് ഭാഗത്തായി അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങൾ ജില്ലാ ഭരണകൂടം ഇടപെട്ട് പൊളിച്ച് മാറ്റുകയോ സംരക്ഷണഭിത്തി കെട്ടുകയോ ചെയ്ത് ജന സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരാവശ്യപ്പെടുന്നു.