തൊടുപുഴ: എല്ലാ മിഴികളും എല്ലാ വഴികളും അൽ- അസ്ഹർ ക്യാമ്പസിലേക്ക്. അഭിമന്യു നഗറിൽ എല്ലാം റെഡിയാണ്. ഇനി യുവകലാകാരന്മാരെത്തിയാൽ മതി കലാമാമാങ്കത്തിന് കേളികൊട്ടുയരാൻ. ഉറക്കമോ ക്ഷീമോ എന്തെന്ന് അറിയാത്ത വീറും വാശിയുമേറിയ അഞ്ച് ദിനങ്ങൾ എട്ട് വേദികൾ നിറയുന്ന സദസുകൾ. നാല് വർഷങ്ങൾക്കിപ്പുറം വീണ്ടും എം.ജി സർവകലാശാല കലോത്സവം തൊടുപുഴയിലെത്തുമ്പോൾ അത് വൻവിജയമാക്കാനുള്ള അവസാനവട്ട പരിശ്രമത്തിലാണ് സംഘാടകർ. 2016ൽ നടന്ന കലോത്സവം 'സപര്യയും" പൂർണമായും അൽ-അസ്ഹർ ക്യാമ്പസിൽ തന്നെയായിരുന്നു.

ഇന്ന് വൈകിട്ട് 3.30ന് മുഖ്യവേദിയിൽ മന്ത്രി കെ.ടി. ജലീൽ കലോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി എം.എം. മണി അദ്ധ്യക്ഷത വഹിക്കും.

ഈ കലോത്സവത്തിന്റെയും എല്ലാ മിഴികളും എല്ലാ വഴികളും അൽ- അസ്ഹർ ക്യാമ്പസിലേക്ക് തന്നെയാണ് എന്നതിൽ നമുക്ക് അഭിമാനിക്കാം.

ജില്ലകൾ- 4

കോളേജുകൾ- 192

വേദികൾ -08

ഇനങ്ങൾ-60

മത്സരാർത്ഥികൾ- 13,​000

 ഏറ്റവും കൂടുതൽ മത്സരാർഥികൾ എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന്. രണ്ടാം സ്ഥാനത്ത് കുട്ടിക്കാനം മരിയൻ കോളേജാണ്. ആതിഥേയ ജില്ലയായ ഇടുക്കിയിലെ 25 ക്യാമ്പസുകളിലെ വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുക്കും.

ആദ്യമായി ട്രാൻസ്ജെൻഡേഴ്സും

സർവകലാശാലാ കലോത്സവത്തിന്റെ ചരിത്രത്തിലാദ്യമായി ആർട്ടിക്കിൾ 14 ൽ ട്രാൻസ്ജൻഡേഴ്‌സും മത്സരിക്കും. ഇവർ ഭരതനാട്യം, ലളിതസംഗീതം, ശാസ്ത്രീയസംഗീതം, ഇംഗ്ലീഷ് കവിതാരചന എന്നിവയിലാണ് മത്സരിക്കുക.

വേദികളിൽ പ്രമുഖർ

കലോത്സവത്തിലെ എട്ട് വേദികളിൽ ഏഴും രാജ്യത്തെ പ്രമുഖ വ്യക്തികളുടെ പേരുകളാണ് നൽകിയിരിക്കുന്നത്. ഒരു വേദിക്ക് ഡൽഹി ജവഹർലാൽ നെഹ്റു യൂണിയവേഴ്സിറ്റിയുടെ പേരാണ് നൽകിയിരിക്കുന്നത്. ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ പേരിലാണ് മുഖ്യവേദി. വേദി രണ്ട്- ദാക്ഷായണി വേലായുധൻ നഗർ, വേദി മൂന്ന്- ഫക്രുദീൻ അലി നഗർ, വേദി നാല്- സനാവുള്ള ഖാൻ നഗർ, വേദി അഞ്ച്- ജെ.എൻ.യു നഗർ, വേദി ആറ് ഗൗരി ലങ്കേഷ് നഗർ, വേദി ഏഴ് ഫാത്തിമ ലത്തീഫ് നഗർ, വേദി എട്ട്- സൈമൺ ബ്രിട്ടോ നഗർ

വേദിയിൽ ഇന്ന്

വേദി ഒന്ന് ​- രാത്രി ഏഴ്- തിരുവാതിരകളി

വേദി രണ്ട് - രാത്രി 7.30- മൈം

വേദി മൂന്ന്- രാത്രി 7.30 ഭരതനാട്യം (ആൺ)​