തൊടുപുഴ: ശബരി റെയിൽ പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിന് മാർച്ച് 10ന് എം.പിയും എം.എൽ.എയുമടക്കമുള്ള ജനപ്രതിനിധികളുടെ രാഷ്ട്രീയ-സാമൂഹ്യരംഗത്തെ പ്രമുഖരുടെയും നേതൃത്വത്തിൽ മുഖ്യമന്ത്രിയെ നേരിൽ കാണും.

ശബരി റെയിൽവേ ആക്ഷൻ കൗൺസിൽ ഭാരവാഹികളുടെയും രാഷ്ടീയ നേതാക്കന്മാരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. സംസ്ഥാന വിഹിതമായ 1500 കോടി രൂപ കണ്ടെത്താനാകില്ലെന്നത് പ്രദേശത്തെ ജനങ്ങളോടുള്ള വെലുവിളിയാണെന്ന് യോഗം വിലയിരുത്തി. 50 ശതമാനം സംസ്ഥാന വിഹിതം നൽകാമെന്ന് അംഗീകരിച്ചു എം.ഒ.യു ഒപ്പുവച്ചതിനു ശേഷം യാതൊരു കാരണവുമില്ലാതെ ഈ കരാറിൽ നിന്ന് സംസ്ഥാന സർക്കാർ പിൻവാങ്ങിയത് പുനഃപരിശോധിക്കണം. യോഗം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. എൽദോ എബ്രഹാം എം.എൽ.എ, മുൻ എം.എൽ.എമാരായ ബാബു പോൾ, ജോസഫ് വാഴയ്ക്കൻ, ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ഡിജോ കാപ്പൻ, ജിജോ പനച്ചിനാനി, നാൻസി കുര്യാക്കോസ്, ജെയ്‌സൺ മാന്തോട്ടം, അജി സി. റാന്നി, സി.എ. കുര്യൻ, അനീഷ് കുമാർ, വിശ്വനാഥൻ, പി.എൻ. സലിം, രാമനാഥ പിള്ള, മുഹമ്മദ് ബഷീർ, പി.എസ്. സലിം ഹാജി എന്നിവർ സംസാരിച്ചു.