മറയൂർ: വേറിട്ട ആരോഗ്യകാമ്പിന്ലേയ്ക്ക് ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലെ ആദിവാസി കോളനികളിൽനിന്ന് കുട്ടികൾ ഓടിയെത്തി. രണ്ട് വർഷം മുമ്പ് അപരിചരമായ ആരോഗ്യപ്രവർത്തകരെകണ്ട് ഓടിമറഞ്ഞ കുട്ടികളാണ് ഇത്തവണ നിരനിരയായി നിന്ന് ക്യാമ്പ് വിജയിപ്പിച്ചത്. അന്ന് കുത്തിവെക്കാൻ എത്തി എന്ന് പറഞ്ഞ്കു ട്ടികൾ നിലവിളികളോടെ വനാന്തർഭാഗങ്ങളിലേയ്ക്ക് ഓടിമറഞ്ഞ സ്ഥാനത്താണ് ഇപ്പോൾ രോഗ നിർണ്ണയ ക്യാമ്പ് വൻവിജയമായത്. കൊല്ലം അഞ്ചൽ സെന്റ് ജോസഫ് മിഷൻ ഹോസ്പിറ്റലിലെ ഡോ ലോലാ പൗലോസിന്റെ നേതൃത്വത്തിലുള്ള ആറംഗസംഘമാണ് കോളനികളിൽ എത്തി ക്യാമ്പ് സംഘടിപ്പിച്ച് വരുന്നത്. അഞ്ചു ദിവസങ്ങളിലായി പതിനൊന്ന് കോളനികളിൽ ക്യാമ്പ് സംഘടിപ്പിച്ചു. മറയൂരിൽ നിന്നും 15 കിലോമീറ്റർ ദൂരം വനപാതയിലൂടെ ജീപ്പിൽ സഞ്ചരിച്ച് അവിടെ നിന്നൂം ഒരുകിലോമീറ്ററിലധികം കാൽനടയായി എത്തിയായാണ് കുടികളിൽ ക്യാമ്പ് നടത്തിയത്..

ആദിവാസി കോളനികളിലെ കുട്ടികൾക്ക് പോഷകാഹാര കുറവും വിളർച്ചയും ആരോഗ്യകുറവും ശ്രദ്ധയിൽപെട്ടതിനെ തുടർന്നും. മറയൂർ മേഖലയിൽ ശിശുരോഗ വിദഗ്ധരുടെ സേവനം ലഭ്യമല്ലാത്തതിനാലും അവശ്യഘട്ടത്തിൽ നൂറ് കിലോമീറ്റർ അകലെ അടിമാലിയിൽ എത്തേണ്ട സാഹചര്യവുമാണുള്ളത്. ഇതിനാൽ കൂട്ടികൾക്കുണ്ടാകുന്ന വിളർച്ചയും മറ്റും അവഗണിക്കുകയാണ് ചെയ്യാറുള്ളത് കോളനിക്കാരുടെ ഇത്തരത്തിലുള്ള പ്രയാസങ്ങൾ മനസ്സിലാക്കിയാണ് 2016-2017 മുതൽ പ്രീഡിയാട്രിക്ക് മെഡിക്കൽ ക്യാമ്പ് ആരംഭിക്കുകയും അതിന്റെ തുടർച്ചയുമാണ് ഇപ്പോൾ നടന്നു വരുന്നത്.
ക്യാമ്പിന്റെ ആരംഭകാലം മുതൽ ഓരോകുട്ടികളുടെയും ആരോഗ്യ സംബന്ധമായ വിവരങ്ങൾ അടങ്ങുന്ന രജിസ്റ്റർ തയ്യാറാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് മരുന്നുകളും ജീവ പോക്ഷക പദാർത്ഥങ്ങളും നൽകി വന്നിരുന്നു. ഒരുവർഷം പിന്നിട്ടപ്പോൾ കുട്ടികളിൽ ആരോഗ്യപരമായുണ്ടായ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് തുടർചികിത്സ നൽകി വരുന്നത്.
രണ്ട് വർഷം മുൻപ് ഡോ ലോലയുടെ നേതൃത്വത്തിൽ കോളനികളിൽ ക്യാമ്പിന് എത്തിയപ്പോൾ പലകുട്ടികളും അപരിചിതരെ കണ്ടതിനാലും കുത്തിവെയ്പാണെന്ന് ഭയന്നും കാട്ടിലേക്ക് ഓടി ഒളിച്ചിരുന്നു. പിന്നീട് രക്ഷിതാക്കൾ നിർബന്ധപൂർവ്വം തേടിപ്പിടിച്ച് എത്തിക്കുകയുമായിരുന്നു ഇതിനാൽ ചില കോളനികളിൽ മെഡിക്കൽ ക്യാമ്പ് മണിക്കൂറുകൾ പ്രതീക്ഷിച്ചതിലും വൈകി. അതിനാൽ കഴിഞ്ഞ വർഷം ഡോ. ലോല മരുന്നുകൾക്കൊപ്പം കുട്ടികൾക്കായി കുറച്ച് കളിപ്പാട്ടങ്ങളും ചോക്ലേറ്റുകളും കരുതിയിരുന്നു. ഇതു വൻ വിജയമായതിനാലാണ് ഈ വർഷവും ചോക്ലേറ്റ് കരുതിയതെന്ന് ഡോ. ലോല പറഞ്ഞു. മെഡിക്കൽ സംഘവും വനപാലകരും പ്രതീക്ഷിച്ചതുപോലെ ചോക്‌ളേറ്റും കളിപ്പാട്ടങ്ങളും ഉണ്ടെന്ന് അറിഞ്ഞ കുട്ടികൾ നിരനിരയായി എത്തിയതോടെ ക്യാമ്പ് വൻ വിജയം കൈവരിച്ചു.

ആലാംപെട്ടി കുടിയിലെ കുട്ടികൾക്കായി നടത്തിയ മെഡിക്കൽ ക്യാമ്പിൽ ഡോ. ലോല പൗലോസ് കുട്ടികളെ പരിശോധിക്കുന്നു.