തൊടുപുഴ: സാധാരണ പ്രസംഗത്തിനിടെ പലപ്പോഴും മന്ത്രി എം.എം. മണിക്ക് നാക്കു പിഴ സംഭവിക്കാറുണ്ട്. എന്നാൽ എം.ജി കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തിനിടെ മന്ത്രിയുടെ പേര് തന്നെ അവതാരക തെറ്റിച്ചത് സദസിൽ ചിരി പടർത്തി. മന്ത്രിയെ സ്വാഗതം ചെയ്തപ്പോഴും അദ്ധ്യക്ഷ പ്രസംഗത്തിനായി ക്ഷണിച്ചപ്പോഴും എം.എം. മണിയെന്ന മുണ്ടയ്ക്കൽ മാധവൻ എന്നാണ് അവതാരക അഭിസംബോധന ചെയ്തത്. അദ്ധ്യക്ഷ പ്രസംഗത്തിൽ മന്ത്രി തന്നെ തെറ്റുതിരുത്തി. 'എന്റെ പേര് മണിയെന്ന് തന്നെയാണ്. മാധവൻ എന്നത് എന്റെ പിതാവിന്റെ പേരാണ്. എന്റെ പേരിനൊപ്പം അദ്ദേഹത്തേയും കൂട്ടിച്ചേർത്ത് പറയുന്നതിൽ സന്തോഷമേയുള്ളൂ. പക്ഷേ, എന്റെ പേര് മുണ്ടയ്ക്കക്കൽ മാധവൻ എന്ന് പറയുന്നത് തെറ്റാണ്'- അദ്ദേഹം പറഞ്ഞു. തുടർന്ന് നറുക്കെടുപ്പിന്റെ സമ്മാനദാനത്തിനിടെ മന്ത്രിയെ ക്ഷണിച്ചപ്പോഴും അവതാരകയ്ക്ക് നാക്കു പിഴച്ചു. മണിക്ക് പകരം മാണി സാറെന്നാണ് അവതാരക അഭിസംബോധന ചെയ്തത്.