തൊടുപുഴ: പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതിയുടെ ഭാഗമായി ഇടുക്കി കോട്ടയം എറണാകുളം ജില്ലകളിലെ 20 പഞ്ചായത്തുകളിലായി നടപ്പാക്കുന്ന ജൈവകൃഷി നൈപുണ്യ വികസന പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റ് മാരുടെയും അംഗങ്ങളുടെയും യോഗം തിങ്കളാഴ്ച്ച തൊടുപുഴയിൽ ചേരും. രാവിലെ 10 ന് തൊടുപുഴ റെസ്റ്റ് ഹൗസിലാണ് യോഗം.നടത്തിപ്പ് ചുമതല സ്‌പൈസസ് ബോർഡിനും തൊടുപുഴ മേഖലയിലെ സംഘടനാ ചുമതല കാഡ്‌സിനുമാണ്. വിഷരഹിത ഭക്ഷ്യോൽപാദനത്തിന് കർഷകരെ പ്രാപ്തരാക്കുന്നതിന് ദേശീയതലത്തിൽ രൂപം കൊടുത്തിട്ടുള്ളതാണ് ഈ ത്രിദിന പരിശീലന പരിപാടി. ഓരോ പഞ്ചായത്തിലും ആദ്യഘട്ടത്തിൽ 50 പേർ അടങ്ങുന്ന ഒരു ഗ്രൂപ്പിനും തുടർന്ന് ഓരോ വാർഡിലും 50 പേരടങ്ങുന്ന ഗ്രൂപ്പുകൾക്കും പരിശീലനം നൽകുന്നതിനെ കുറിച്ച് ആലോചിച്ച് സമയക്രമം തീരുമാനിക്കുന്നതിനാണ് ആലോചനായോഗം ചേരുന്നത്. ഇടവെട്ടി, ആലക്കോട്, വെള്ളിയാമറ്റം, കുമാരമംഗലം, കരിമണ്ണൂർ, ഉടുമ്പന്നൂർ, കോടിക്കുളം, മുട്ടം, കുടയത്തൂർ, മണക്കാട്, പുറപ്പുഴ, അറക്കുളം, തൊടുപുഴ, വണ്ണപ്പുറം, പൈങ്ങോട്ടൂർ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നതിന് തീരുമാനിച്ചിട്ടുള്ളതെന്ന് കാഡ്സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കൽ അറിയിച്ചു.