തൊടുപുഴ: എം.ജി. സർവ്വകലാശാല കലോത്സവത്തിൽ രണ്ടാം ദിനവും മത്സരങ്ങൾ നടക്കുന്നത് വളരെ വൈകി. ഇന്നലെ രാവിലെ നിശ്ചയിച്ചിരുന്ന മത്സരങ്ങളിൽ പലതും മൂന്നും നാലും മണിക്കൂർ വൈകിയാണ് തുടങ്ങിയത്. ഇത് മത്സരാർത്ഥികളെ ചില്ലറയല്ല വലച്ചത്.
സംഘാടകർക്ക് പറയാൻ ഒരുപാട് ന്യായങ്ങൾ കാണുമെങ്കിലും ഇതൊന്നും കാണികൾക്കറിയേണ്ടല്ലോ.അവരും അക്ഷമരായി. രാവിലെ 9ന് തുടങ്ങേണ്ട ലളിതഗാന മത്സരം ആരംഭിച്ചത് ഉച്ചയ്ക്ക് ഒന്നിനാണ്. 103 പേരാണ് മത്സരിക്കാനുണ്ടായിരുന്നത്. ഇവരുടെ രജിസ്ട്രേഷനും നറുക്കെടുപ്പും 12 മണിയോടെ പൂർത്തിയായെങ്കിലും വിധികർത്താക്കൾ എത്താൻ വൈകിയതോടെ മത്സരം വീണ്ടും നീളുകയായിരുന്നു. എൻജിനീയറിങ് കോളേജിലെ നാലാം വേദിയിലായിരുന്നു മത്സരം. രാവിലെ മുതൽ മത്സരാർത്ഥികളുടെ ഊഴത്തിന് വേണ്ടി നടന്ന നറുക്കെടുപ്പിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. മത്സരാർത്ഥികളും രക്ഷിതാക്കളും കാത്ത് നിന്ന് മുഷിഞ്ഞു. നറുക്കെടുപ്പ് കഴിഞ്ഞതിന് ശേഷം വിധി കർത്താക്കൾ വൈകിയതിനാൽമത്സരം വീണ്ടും നീണ്ടു. ഒരു മണിയോടെ കാത്ത് നിന്ന മത്സരാർത്ഥികളോട് ക്ഷമാപണം നടത്തിയ ശേഷമാണ് മത്സരങ്ങൾ ആരംഭിച്ചത്. അതേ സമയം മത്സരങ്ങൾആരംഭിക്കാൻ വൈകുന്നത് കോളേജുകൾ രജിസ്ട്രർ ചെയ്യുന്നതിലുള്ള കാലതാമസമാണെന്നാണ് സംഘാടകർ നൽകിയ മറുപടി.