തൊടുപുഴ: പ്രളയത്തിൽ തകർന്ന കാഞ്ഞാർ പുള്ളിക്കാനം റോഡ് ഉന്നത നിലവാരത്തിൽ പുനർനിർമ്മിക്കുന്നതിന് സെൻട്രൽ റോഡ് ഫണ്ട് പട്ടികയിൽപെടുത്തി കേന്ദ്രത്തിന് സമർപ്പിക്കാൻ ഡീൻ കുര്യാക്കോസ് എം.പി സംസ്ഥാന പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു. പീരുമേട്, വാഗമൺ, ഏലപ്പാറ പ്രദേങ്ങളെ തൊടുപുഴയുമായി കുറഞ്ഞദൂരത്തിൽ ബന്ധിപ്പിക്കുന്നതും വിനോദസഞ്ചാരരംഗത്ത് പ്രാധാന്യ മുള്ളതുമായ ഈ റോഡ് സെന്റൽ റോഡ് ഫണ്ട് (സി.ആർ.എഫ്) പദ്ധതിയിൽപ്പെടുത്തി പൂർത്തിയാക്കാൻ കഴിഞ്ഞാൽ ഈ മേഖലയിലെ ആയിരക്കണക്കിന് ജനങ്ങൾക്ക് പ്രയോജനപ്രദമാകും. ഇക്കാര്യം ചൂണ്ടിക്കാട്ടി നവംബറിൽ എം.പി നിവേദനം നൽകിയിരുന്നു. ഇതുൾപ്പെടെ പുതിയ 10 റോഡുകൾ സി.ആർ.എഫ്ൽ ഏറ്റെടുക്കുന്നതു സംബന്ധിച്ച് പ്രാഥമിക നടപടികൾ ആരംഭിച്ചതായി എം.പി അറിയിച്ചു. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് വിശദമായ പദ്ധതി സമർപ്പിക്കുന്ന മുറയ്ക്ക് കേന്ദ്രത്തിൽ നിന്നും അനുകൂല നടപടികൾ കൈക്കൊള്ളുന്നതാണെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി നേരത്തെ ഉറപ്പ് നൽകിയിട്ടുള്ളതാണ്. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ സഹകരണത്തോടെ ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതാണെന്നും എം.പി. അറിയിച്ചു.