adhalath

ഇടുക്കി: ജില്ലാ കളക്ടറുടെ പരാതി പരിഹാര ഇടുക്കി താലൂക്ക്തല അദാലത്ത് 'സഫലം 2020' ചെറുതോണി പഞ്ചായത്ത് ടൗൺഹാളിൽ നടത്തിയത് നൂറുകണക്കിന് അപേക്ഷകർക്ക് ആശ്വാസമായി. സർക്കാരിന്റെ പ്രത്യേക നിർദേശപ്രകാരം എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ചകളിൽ ഓരോ താലൂക്കിൽ വീതം അദാലത്ത് സംഘടിപ്പിക്കുമെന്നും കളക്ടർ എച്ച്. ദിനേശൻ വ്യക്തമാക്കി.
113 പരാതികളാണ് ഓൺലൈനായി ലഭിച്ചത്. ഓൺലൈനായി ലഭിച്ച മുഴുവൻ പരാതികളും തീർപ്പാക്കി. അദാലത്തിൽ പ്രത്യേക കൗണ്ടർ വഴി നേരിട്ടും പരാതികൾ സ്വീകരിച്ചു. നേരിട്ട് ലഭിച്ച 80 പരാതികളും കളക്ടർ പരിശോധിച്ച് അടിയന്തരമായി തീർപ്പുകൽപ്പിക്കാവുന്ന പരാതികളിൽ നടപടിക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി. മറ്റു പരാതികൾ രണ്ടാഴ്ചയ്ക്കുള്ളിൽ തുടർനടപടി സ്വീകരിക്കാനും അതാത് വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അദാലത്തിൽ നേരിട്ട് ലഭിച്ച 80പരാതികളും അക്ഷയ കൗണ്ടർ വഴി ഓൺലൈനായും രജിസ്റ്റർ ചെയ്തു. റവന്യുവകുപ്പുമായി ബന്ധപ്പെട്ട് 78 , പഞ്ചായത്ത്16, കെഎസ്ഇബി3, ലീഡ് ബാങ്ക്4, സാമൂഹ്യനീതി വകുപ്പ്, തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ട് രണ്ട് പരാതികളും, വാട്ടർ അതോറിട്ടി, പട്ടികജാതി വികസന വകുപ്പ്, കൃഷി വകുപ്പ്, ലൈഫ് മിഷൻ, നഗരസഭ, ഫിഷറീസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, പൊലീസ് എന്നീ ഡിപ്പാർട്ട്‌മെന്റുകളുമായി ബന്ധപ്പെട്ട് ഒരോ പരാതികൾ വീതവുമാണ് അദാലത്തിൽ ലഭിച്ചത്. വസ്തു അതിർത്തി തർക്കം, പട്ടയപ്രശ്‌നം, സർവ്വേറീസർവ്വേ നടപടികളിലെ പ്രശ്‌നങ്ങൾ തുടങ്ങിയ വിഷയങ്ങളിലാണ് കൂടുതലായും പരാതികൾ ലഭിച്ചത്. ആർ.ഡി.ഒ അതുൽ സ്വാമിനാഥ്, ഡെപ്യൂട്ടി കളക്ടർ(എൽ.എ) സാബു കെ. ഐസക്ക്, ഡെപ്യുട്ടി കളക്ടർ(ആർ.ആർ) അലക്‌സ് ജോസഫ്, സർവേ ഡെപ്യൂട്ടി ഡയറക്ടർ എ.എ രാജൻ, ഇടുക്കി തഹസിൽദാർ വിൻസന്റ് ജോസഫ്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ അദാലത്തിന് നേതൃത്വം നൽകി.