കട്ടപ്പന: 1964ലെ ഭൂമിപതിവ് ചട്ടം ഭേദഗതി വൈകുന്നതിൽ ഹൈറേഞ്ച് സംരക്ഷണ സമിതി മേഖല സമിതി ആശങ്ക രേഖപ്പെടുത്തി. കോടതിയിൽ പോകാതെ നിയമ ഭേദഗതിയിലൂടെ പരിഹാരം കണ്ടെത്തണം. ഇടുക്കി പാക്കേജിൽ 1000 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും വകുപ്പുകളുടെ ഏകോപനമില്ലായ്മ മൂലം കാലതാമസം വരുന്നു. സ്‌പെഷൽ ഓഫീസറെ നിയമിച്ച് പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണം. മുമ്പ് നടപ്പാക്കാൻ ശ്രമിച്ച് പരാജയപ്പെട്ട പദ്ധതികൾ ആനത്താര, ആനപ്പാർക്ക് തുടങ്ങിയ പേരുകളിൽ വനംവകുപ്പ് വീണ്ടും നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും ഇതിനെ പ്രതിരോധിക്കാനും യോഗം തീരുമാനിച്ചു. പട്ടയ നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കണം. രക്ഷാധികാരി ആർ. മണിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.പി. ജോയ്‌സ് ജോർജ്, നേതാക്കളായ മൗലവി മുഹമ്മദ് റഫീഖ് അൽ കൗസരി, കെ.കെ. ദേവസ്യ, കെ.പി. ഹസൻ, ജോസഫ് കുഴിപ്പള്ളിൽ, സാബു പ്ലാത്തോട്ടാനി എന്നിവർ പങ്കെടുത്തു.