തൊടുപുഴ: ഡയാലിസീസ് രോഗികൾക്ക് ചികിത്സ സഹായം നൽകുന്നതിന് ആവശ്യമായ പദ്ധതികൾ തയ്യാറാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ അനുമതി നൽകി. ഇതേ തുടർന്ന് ജില്ലയിലെ വിവിധ തദ്ദേശ സ്വയസംഭരണ സ്ഥാപനങ്ങൾ നടപ്പ് സാമ്പത്തിക വർഷത്തിൽ ഡയാലിസീസ് രോഗി ചികിത്സയുമായി ബന്ധപ്പെട്ട് പദ്ധതികൾ തയ്യാറാക്കി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തിനായി സമർപ്പിച്ചു. ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ പാവപ്പെട്ട ആയിരക്കണക്കിന് ആളുകളാണ് ഡയാലിസീസ് ചെയ്യാനായി സർക്കാർ - സ്വകാര്യ ആശുപത്രികളിൽ നിത്യവും എത്തുന്നത്. സ്വകാര്യ ആശുപത്രികളിൽ 2500 മുതൽ 4000 രൂപ വരെയാണ് ഓരോ തവണയും ഡയാലിസീസിന്‌ ചിലവ് വരുന്നത്. ഇത് എല്ലാവർക്കും താങ്ങാൻ പറ്റുന്നതുമല്ല. എന്നാൽ സർക്കാർ തലത്തിൽ തൊടുപുഴ ജില്ലാ ആശുപത്രിയിൽ മാത്രമാണ് ഇതിനുള്ള സൗകര്യം ഉള്ളത്. ഇവിടെ നാല് വർഷമായി ഈ സംവീധാനം പ്രവർത്തിച്ച് വരുന്നുണ്ട്. ഇവിടെ ഇതിനുള്ള ചികിത്സയും മരുന്നുകളും പൂർണ്ണമായും സൗജന്യമാണ്. എന്നാൽ ഒരു മാസം 28 ആളുകൾക്ക് ചികിത്സ നൽകാനുള്ള സൗകര്യം മാത്രമാണ് ജില്ലാ ആശുപത്രിയിൽ നിലവിലുള്ളു. ചിലയാളുകൾക്ക് എല്ലാ ദിവസവും ചിലർക്ക് ഓരോ ആഴ്ചയിൽ മറ്റ് ചിലർക്ക് ഓരോ മാസം എന്ന രീതിയിലാണ് ഇത് ചെയ്യുന്നതും. ജില്ലാ ആശുപത്രിയിൽ ഈ സംവിധാനം ആരംഭിച്ചത് മുതൽ ചികിത്സ തേടുന്നവർ ഇപ്പോഴും തുടരുന്നുണ്ട്. നിലവിലുള്ള ഡയാലിസീസ് സംവിധാനം കൂടാതെ മറ്റൊരു യൂണീറ്റ് കൂടി പ്രവർത്തിപ്പിക്കാൻ ജില്ലാ ആശുപത്രി അധികൃതർ പദ്ധതി റിപ്പോർട്ട് ബന്ധപ്പെട്ടവർക്ക് കൈമാറിയെങ്കിലും നടപടികൾ ഒന്നും ആയിട്ടില്ല.

കർശന നിർദേശം നൽകുന്നില്ല

തദ്ദേശ സ്ഥാപനങ്ങളിൽ ഗ്രാമ പഞ്ചായത്ത്‌, നഗരസഭ, കോർപ്പറേഷൻ തുടങ്ങിയ സ്ഥാപനങ്ങൾക്ക് ഗ്രാമ സഭകൾ വഴി ഗുണഭോക്താക്കളെ നേരിട്ട് കണ്ടെത്തി ഈ പദ്ധതിയിൽ ഉൾപ്പെടുത്താം. എന്നാൽ ബ്ലോക്ക്‌, ജില്ലാ പഞ്ചായത്തുകൾക്ക് ഗ്രാമ പഞ്ചായത്ത്‌, നഗരസഭ, കോർപ്പറേഷൻ തുടങ്ങിയ സ്ഥാപനങ്ങൾ ഗ്രാമസഭകളിൽ നിന്ന് തയ്യാറാക്കിയ ലിസ്റ്റ് പ്രകാരം ഇവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കാൻ സാധിക്കൂ. എന്നാൽ ഡയാലിസിസ് രോഗി പരിചരണ പദ്ധതിക്ക് വേണ്ടി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ നിർബന്ധമായും ഫണ്ട് വകകൊള്ളിക്കണമെന്ന് സർക്കാർ കർശന നിർദേശം നൽകുന്നില്ല. പ്രാദേശികമായി ഓരോ തദ്ദേശസ്ഥാപനങ്ങളുടെയും പരിധിയിലുള്ള ഡയാലിസിസ് രോഗികളുടെ എണ്ണം എത്രമാത്രമാണെന്ന് ഇതുമായി ബന്ധപ്പെട്ടുള്ള വിദഗ്ദ്ധ സമിതിയുടെ നേതൃത്വത്തിൽ കൃത്യമായി കണ്ടെത്തി ആവശ്യമെങ്കിൽ മാത്രം ഫണ്ട് വക കൊള്ളിച്ചാൽ മതി. ഇതിന്റെ ചികിത്സക്കുള്ള ഫണ്ട് ഗുണഭോക്താവിന്‌ നേരിട്ട് കൈമാറാനും കഴിയില്ല. ചികിത്സ നടത്തുന്ന ആശുപത്രിയിലേക്കാണ് ഫണ്ട് നൽകുന്നത്.

ഫണ്ട് വകയിരുത്തിയ

തദ്ദേശ സ്ഥാപനങ്ങൾ

ബ്ലോക്ക് പഞ്ചായത്തുകൾ :- നെടുംകണ്ടം - തുക - 15 ലക്ഷം ഇടുക്കി - തുക -7.50 ലക്ഷം കട്ടപ്പന - തുക - 25 ലക്ഷം

ഗ്രാമപഞ്ചായത്തുകൾ

കോടിക്കുളം - തുക - 60,000 കഞ്ഞിക്കുഴി - തുക - 2,20000 കാമാക്ഷി - തുക - 2, 50000