തൊടുപുഴ: ശാരീരിക വെല്ലുവിളികളെ മറികടന്ന് സ്വന്തമായി സംഗീതം നൽകിയ ലളിതഗാനം ആലപിച്ച് അനുവിന്ദ് താരമായി. കീഴൂർ ഡി.ബി. കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയാണ്. സുഷുമ്നാ നാഡിക്ക് തകരാറുമായി ജനിച്ച അനുവിന്ദ് നടക്കില്ലെന്നാണ് അന്ന് ഡോക്ടർമാർ വിധിയെഴുതിയത്. എന്നാൽ കടുത്തുരുത്തി വെള്ളാശേരി മുത്തംകുഴി സുരേന്ദ്രനും സജിതയും പ്രതീക്ഷ കൈവിടാതെ മകനൊപ്പം നിഴൽ പോലെ നിന്നപ്പോൾ അനുവിന്ദ് ഊന്നുവടിയിൽ നടന്നു തുടങ്ങി. ഏഴ് വർഷമായി ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നുണ്ട്. ഇതിനകം നിരവധി വേദികളിൽ സംഗീതക്കച്ചേരി അവതരിപ്പിച്ചു. ഗാനമേളകളിലും പാടുന്നുണ്ട്. അച്ഛൻ്റെ സുഹൃത്തായ ബാബു ജോസഫ് കടുത്തുരുത്തി എഴുതിയ 'സ്വര രാഗ മുകുളങ്ങൾ വിരിയും പ്രഭാതമേ' എന്ന് തുടങ്ങുന്ന വരികൾക്ക് സംഗീതം നൽകിയാണ് ഇത്തവണ മത്സരിച്ചത്. സംസ്ഥാന സർക്കാരിൻ്റെ ടാലൻ്റ് സെർച്ചിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്.