തൊടുപുഴ: 2019 ലെ സംസ്ഥാന കായകൽപ്പ് അവാർഡ് സാമൂഹ്യ ആരോഗ്യ കേന്ദ്ര തലത്തിൽ ചിത്തിരപുരം സി.എച്ച്.സി സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി. ജില്ലാതലത്തിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ കുമാരമംഗലം കുടുംബാരോഗ്യ കേന്ദ്രം ഒന്നാം സ്ഥാനത്തിന് അർഹരായി. ആശുപത്രികളിൽ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാർഡ് നിയന്ത്രണ കമ്മിറ്റിയിലൂടെയാണ് ഏറ്റവും മികച്ച ആശുപത്രികളെ തിരഞ്ഞെടുത്തത്. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് കായകൽപ്പ്. കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ (പി.എച്ച്.സി) സാമൂഹികാരോഗ്യ കേന്ദ്രം (സി.എച്ച്.സി), താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ എന്നിവയിൽ നിന്ന് തിരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികൾക്കാണ് കായകൽപ്പ് അവാർഡ് നൽകുന്നത്.