ചെറുതോണി: മൂന്നു ദിവസമായി ഇടുക്കി ആർച്ചു ഡാമിന് സമീപം തുടർച്ചയായുണ്ടാകുന്ന ഭൂചലനത്തിൽ ആശങ്കപ്പെടേണ്ടതില്ലന്ന് ഡാം സേഫ്ടി ചീഫ് എൻജിനീയർ എസ്. സുപ്രിയ, ഡെപ്യൂട്ടി ചീഫ് എൻജിനീയർ ജോജി ജോർജ് മാത്യു, ചീഫ് എൻജിനീയർ അലോഷി പോൾ, എന്നിവർ പറഞ്ഞു. അണക്കെട്ടിന്റെ മുഴുവൻ പ്രദേശങ്ങളും അണക്കെട്ടുകളുടെ ഗ്യാലറിയും പരിശോധിച്ചശേഷം സംസാരിക്കുകയായിരുന്നു അവർ. നിരവധി ഭൂചലനങ്ങളനുഭവപ്പെട്ടതായി പ്രദേശവാസികൾ പറയുന്നുണ്ടെങ്കിലും രണ്ടെണ്ണം മാത്രമാണ് ഭൂമാപിനിയിൽ രേഖപ്പെടുത്തിയത്. ആദ്യ ദിവസമായ 27ന് വൈകിട്ട് വൈകിട്ട് 10.15ന് ഉണ്ടായ ഭൂചലനത്തിന്റെ മുഴക്കമാണ് രണ്ടാമത് കേട്ടതെന്ന് അവർ പറഞ്ഞു. 28ന് വൈകിട്ട് 7.45ന് ഉണ്ടായ ഭൂചലനം കുറഞ്ഞ അളവിലുള്ളതും പിന്നീടുണ്ടായവ പൂജ്യത്തിൽ താഴെയുമാണ്. ചലനത്തിന്റെ തീവ്രത കുറഞ്ഞു വരുന്നതിനാൽ ഭയപ്പെടേണ്ട സാഹചര്യമില്ലന്നും ചീഫ് എൻജിനീയർ പറഞ്ഞു. കുറവൻ മലയ്ക്കും കാൽവരി മൗണ്ടിനുമിടയിലാണ് ഭൂ ചലനങ്ങളുടെ പ്രഭവ കേന്ദ്രം. ഇനിയും ചലനങ്ങളുണ്ടാകുകയാണെങ്കിൽ ജീയോളജി വകുപ്പുൾപ്പെടെയുള്ള വിദഗ്ദ്ധ സംഘങ്ങളെക്കൊണ്ട് വീണ്ടും പരിശോധന നടത്തുമെന്നും ചീഫ് എൻജിനീയർ പറഞ്ഞു. ഇന്നലെ നടത്തിയ പരിശോധനാ റിപ്പോർട്ട് ഉടൻ തന്നെ ബോർഡിന് കൈമാറും.

ഇന്നലെയും ചലനം

ഇന്നലെ രാവിലെ ആറിനും 6.47നും 6.58നും ഉച്ചകഴിഞ്ഞും ഭൂചലനങ്ങളനുഭവപ്പെട്ടു. തുടരെയുണ്ടായ ഭൂചലനത്തിൽ ഇടുക്കി ന്യൂമാൻ എൽ.പി സ്‌കൂൾ കെട്ടിടത്തിന്‌ സാരമായ കേടുപാടുകൾ പറ്റിയിട്ടുണ്ട്. ആർച്ചു ഡാമിന് താഴെയുള്ള പതിനഞ്ചോളം വീടുകളുടെ ഭിത്തിയിൽ വിള്ളലുണ്ടായിട്ടുണ്ട്. ആദ്യദിവസമുണ്ടായ ഭൂ ചലനത്തെ തുടർന്ന് ജനങ്ങൾ ഭീതിയിലാണ്. പ്രതീക്ഷിക്കാത്ത സമയത്തുണ്ടായ ചലനത്തെ തുടർന്ന് മുതിർന്നവരും കുട്ടികളും കൂടുതൽ ഭീതിയിലാണ്. രണ്ടു ദിവസമായി ഉറക്കമിളച്ചിരിക്കുന്നവരുമുണ്ട്. അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ് 2367.86 അടിയാണ്.