തൊടുപുഴ: കെ.എസ‌്.ആർ.ടി.സി ഡിപ്പോയിലെ കടമുറികളുടെ ലേലനടപടികൾ ഉദ്യോഗസ്ഥർ അട്ടിമറിച്ചു. മാർഗനിർദേശങ്ങൾ നൽകുന്നതിൽ ഉദ്യോഗസ്ഥർ വീഴ‌്ച വരുത്തിയതോടെ പലർക്കും ആവശ്യമായ രേഖകൾ ടെൻഡറിനൊപ്പം സമർപ്പിക്കാനായില്ല. ലഭിച്ച ടെൻഡറുകൾ പരിഗണിച്ചപ്പോഴാണ‌് ഭൂരിഭാഗത്തിലും ആവശ്യമായ രേഖകളില്ലെന്ന‌് കണ്ട‌ത‌്. മൂന്നെണ്ണം മാത്രം അംഗീകരിച്ച‌് മറ്റുള്ളവ നിരസിച്ചു. ക്വട്ടേഷൻ സമർപ്പിക്കാൻ ഉടനെ വീണ്ടും അവസരം ഒരുക്കുമെന്ന‌് ഡയറക്ടർ ബോർഡംഗം സി.വി. വർഗീസ‌് അറിയിച്ചു. തൊടുപുഴയിലെ പുതിയ മന്ദിരത്തിൽ അടിയന്തര സൗകര്യങ്ങൾ ഒരുക്കി മാർച്ചോടെ കെ.എസ‌്.ആർ.ടി.സി ഡിപ്പോയുടെ പ്രവർത്തനം ആരംഭിക്കാനാണ‌് ലക്ഷ്യമിട്ടിരുന്നത‌്. ഫണ്ട‌ിന്റെ കുറവ‌് മൂലമാണ‌് ഡിപ്പോ നിർമാണം അനന്തമായി നീണ്ടത‌്. കടമുറികളുടെ ലേലത്തിലൂടെ ലഭിക്കുന്ന തുക വിനിയോഗിച്ച‌് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ഡിപ്പോയുടെ പ്രവർത്തനം ആരംഭിക്കുകയായിരുന്നു ലക്ഷ്യം. ആദ്യഘട്ടത്തിൽ ഏതാനും കടമുറികൾ ലേലം കൊണ്ടിരുന്നു. പിന്നീട‌് ഡിപ്പോനിർമാണം തടസപ്പെട്ടതോടെയാണ‌് ബാക്കിയുള്ള കടമുറികളുടെ ലേലം നീണ്ടത‌്. താത്കാലിക ഡിപ്പോ ഒഴിവാകണമെന്ന നഗരസഭയുടെ കർശന നിർദേശം വന്നതിനു പിന്നാലെയാണ‌് ലേലനടപടികൾക്ക‌് വീണ്ടും ജീവൻ വെച്ചത‌്. കെ.എസ‌്.ആർ.ടി.സി ഡയറക്ടർ ബോർഡംഗം സി.വി. വർഗീസിന്റെ നേതൃത്വത്തിലാണ‌് തുടർ ലേലത്തിനുള്ള തിരക്കിട്ട‌ നടപടികൾ. പലതവണ ഉദ്യോഗസ്ഥരുമായി ഇതിനായി ചർച്ചയും നടത്തി. നടപടികൾ പുരോഗമിക്കുന്നതിനിടെയാണ‌് ഒരു വിഭാഗം ഉദ്യോഗസ്ഥർ കടമുറികളുടെ ലേലം അട്ടിമറിച്ചതെന്നാണ‌് ആക്ഷേപം. കടമുറികൾ ഏറ്റെടുക്കാൻ ആരും എത്താത്തതിനാൽ ഇത്തവണ ഡെപ്പോസിറ്റ‌് ഒഴിവാക്കിയാണ‌് ടെൻഡർ ക്ഷണിച്ചിരുന്നത‌്. കൂടുതൽ പേർ ടെൻഡർ സമർപ്പിക്കുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു.

അട്ടിമറിക്ക് പിന്നിൽ ഉദ്യോഗസ്ഥർ

ഡിടിഒ ആർ. മനേഷ‌്, സൂപ്രണ്ട‌് ഉഷാകുമാരി, ജൂനിയർ അസിസ‌്റ്റന്റ‌് റോബിൻ പീറ്റർ എന്നിവർക്കെതിരെയാണ‌് ആരോപണം ഉയർന്നത‌്. കടമുറികൾ ഏറ്റെടുക്കാൻ സമർപ്പിച്ച ക്വട്ടേഷനുകൾ ശനിയാഴ്ച തുറന്നപ്പോഴാണ‌് ആവശ്യമായ രേഖകൾ പലരും സമർപ്പിച്ചിട്ടില്ലെന്ന‌് മനസിലായത‌്. എന്തൊക്കെ രേഖകൾ വേണമെന്ന‌് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നില്ലെന്ന‌് അപേക്ഷകർ പറഞ്ഞു.

അട്ടിമറി ഇങ്ങനെ

ടെൻഡർ സംബന്ധിച്ച‌് കെ.എസ‌്.ആർ.ടി.സി വെച്ചിട്ടുള്ള നിബന്ധനകൾ ഉദ്യോഗസ്ഥരുടെ മുന്നിലുണ്ട‌്. മാർഗനിർദേശങ്ങൾ ചോദിച്ചിട്ടും മനപൂർവം ഉദ്യോഗസ്ഥർ നൽകിയില്ല. ഇതോടെ പലർക്കും ആവശ്യമായ രേഖകൾ ടെൻഡറിനൊപ്പം സമർപ്പിക്കാനായില്ല. ടെൻഡർ ഉള്ളടക്കം ചെയ‌്ത കവർ പൊട്ടിക്കാതെ തന്നെ അപേക്ഷകരോട‌് അതിൽ ആവശ്യമായ രേഖകളെല്ലാം ഉള്ളടക്കം ചെയ‌്തിട്ടുണ്ടെന്ന‌് ഉറപ്പാക്കാമായിരുന്നു. രേഖകൾ ഇല്ലാത്തവർക്ക‌് പോരായ‌്മകൾ പരിഹരിച്ച‌് ടെൻഡർ സമർപ്പിക്കാനുള്ള അവസരമാണ‌് ഉദ്യോഗസ്ഥർ നഷ്ടമാക്കിയത‌്.