കട്ടപ്പന: രാഷ്ട്രീയത്തിനതീതമായി എന്നും ജനങ്ങൾക്കൊപ്പം നിലകൊള്ളുന്ന ദിനപത്രമാണ് കേരളകൗമുദിയെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ. കേരളകൗമുദി നവീകരിച്ച കട്ടപ്പന ബ്യൂറോയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭൂപ്രശ്‌നങ്ങൾ ഉൾപ്പെടെ ഇടുക്കിയിലെ അടിസ്ഥാന വിഷയങ്ങളിൽ കേരളകൗമുദി വ്യക്തമായ നിലപാട് നിലനിറുത്തിപ്പോരുന്നു. എന്നും ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ അധികാരികളിൽ എത്തിക്കാൻ കൗമുദിക്ക് കഴിഞ്ഞിട്ടുണ്ടെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. കട്ടപ്പനയുടെ വളർച്ചയ്ക്ക് ഒട്ടേറെ സംഭാവനകൾ നൽകാൻ കേരളകൗമുദിക്ക് കഴിയുമെന്ന് കട്ടപ്പന നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി പറഞ്ഞു. വികസനരംഗത്ത് കട്ടപ്പനയ്ക്ക് ഇനിയും ഒട്ടേറെ മുന്നേറാൻ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, സി.പി.എം കട്ടപ്പന ഏരിയ സെക്രട്ടറി വി.ആർ. സജി, കോൺഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡന്റ് തോമസ് മൈക്കിൾ, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ഷാജി നെല്ലിപ്പറമ്പിൽ, കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് അഡ്വ. മനോജ് എം. തോമസ്, കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം സിനു വാലുമ്മേൽ, കട്ടപ്പന മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം.കെ. തോമസ്, കട്ടപ്പന പ്രസ് ക്ലബ് പ്രസിഡന്റ് തോമസ് ജോസ്, കേരള കൗമുദി സീനിയർ സബ് എഡിറ്റർ പി.ടി. സുഭാഷ്, കട്ടപ്പന ലേഖകൻ അജിൻ അപ്പുക്കുട്ടൻ എന്നിവർ പ്രസംഗിച്ചു. കേരളകൗമുദിയുടെ നവീകരിച്ച കട്ടപ്പന ബ്യൂറോ ഇടശേരി ജംഗ്ഷനിലെ കൊച്ചുപുരയ്ക്കൽ ബിൽഡിംഗിലാണ് പ്രവർത്തിക്കുന്നത്.