തൊടുപുഴ: പെരുമ്പിള്ളിച്ചിറ അൽ- അസ്ഹർ ക്യാമ്പസിൽ നടക്കുന്ന എം.ജി സർവകലാശാല കലോത്സവം ആർട്ടിക്കിൾ- 14 മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോൾ തേവര എസ്.എച്ച് കോളേജിന്റെ തേരോട്ടം. ആകെയുള്ള 60 ഇനങ്ങളിൽ 22 ഇനങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോൾ 56 പോയിന്റ് നേടിയാണ് തേവര കോളേജ് മുന്നിലെത്തിയത്. തൊട്ടുപിന്നിലായി 50 പോയിന്റുമായി എറണാകുളം മഹാരാജാസ് കോളേജുണ്ട്. 29 പോയിന്റുമായി ആർ.എൽ.വി കോളേജ് ഒഫ് മ്യൂസിക് ആന്റ് ഫൈൻ ആർട്‌സ് തൃപ്പൂണിത്തുറ മൂന്നാം സ്ഥാനത്തും 27 പോയിന്റുമായി ചങ്ങനാശേരി എസ്.ബി കോളേജ് നാലാം സ്ഥാനത്തുമുണ്ട്. 26 പോയിന്റുമായി സി.എം.എസ് കോളേജ് കോട്ടയവും കോച്ചിൻ കോളേജ് കൊച്ചിനും ഒപ്പത്തിനൊപ്പമുണ്ട്. 25 പോയിന്റുമായി സെന്റ് തെരേസാസ് കോളേജും 24 പോയിന്റുമായി സെന്റ് തോമസ് കോളേജ് പാലായും പിന്നിലുണ്ട്.
ആകെ 12 അപ്പീലുകൾ
കലോത്സവത്തിൽ ഇതുവരെ ലഭിച്ചത് 12 അപ്പീലുകൾ. ഓട്ടൻതുള്ളലിലാണ് ഏറ്റവുമധികം. നാലെണ്ണം. തിരുവാതിരയ്ക്ക് മൂന്ന് അപ്പീലുകളുണ്ട്. ഭരതനാട്യം (ആൺ), മൈം, മോണോ ആക്ട്, മിമിക്രി, കേരള നടനം എന്നീ ഇനങ്ങളിൽ ഓരോ അപ്പീൽ വീതം ലഭിച്ചിട്ടുണ്ട്. നാളെ സമാപന സമ്മേളനത്തിന് മുന്നോടിയായി അപ്പീലുകളിൽ തീരുമാനമുണ്ടാക്കുമെന്ന് അപ്പീൽ കമ്മിറ്റി അറിയിച്ചു.