ഉപ്പുതറ: വീട്ടിൽ അതിക്രമിച്ച് കയറി കുടുംബത്തെ അക്രമിച്ച് പരിക്കേൽപിച്ചതായി പരാതി. ചപ്പാത്ത് കരുന്തരുവി എസ്റ്റേറ്റ് ലയത്തിൽ എ. രാജനെയും കുടുംബത്തെയുമാണ് സംഘം ചേർന്ന് ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെയായിരുന്നു സംഭവം. സമീപവാസികളായ ഒരു സംഘം ആളുകൾ ലയത്തിൽ അതിക്രമിച്ച് കയറി അക്രമം അഴിച്ച് വിടുകയായിരുന്നു. അക്രമത്തിൽ എ. രാജൻ (64), ഭാര്യ ലളിത (59), മകൻ ഗിരീഷ് കുമാർ (35), മരുമകൾ റൂത്ത് (31), കൊച്ചുമകൻ ഡെബിൻ (17) എന്നിവർക്കാണ് പരുക്കേറ്റത്. സ്ത്രീകളടക്കം 12 പേരോളം അക്രമിസംഘത്തിലുണ്ടായിരുന്നു. എ. രാജന് നെറ്റിയിലും താടിയിലുമായി ആറ് തുന്നലുണ്ട്. പണമിടപാടുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉണ്ടായതെന്നാണ് പരാതിക്കാർ പറയുന്നത്. ഒമ്പതോടെ കതക് തള്ളി തുറന്ന് അകത്ത് കടന്ന് അസഭ്യവർഷം മുഴക്കുകയും അക്രമിക്കുകയുമായിരുന്നു. ന് പൊലീസിനെ വിളിച്ച് വരുത്തി പരുക്കേറ്റവരെ ആശുപത്രിയിൽ കൊണ്ട് പോകാൻ ശ്രമിച്ചപ്പോൾ പോലീസ് വാഹനം അക്രമിസംഘം തടഞ്ഞു. പിന്നീട് കൂടുതൽ പൊലീസ് എത്തിയാണ് അക്രമിസംഘത്തെ പിരിച്ച് വിട്ട് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ഗിരീഷിന്റെ മൂന്ന് പെൺമക്കളെയും കൈകാര്യം ചെയ്യുമെന്ന് അക്രമിസംഘം ഭീഷണി മുഴക്കി. പരിക്കേറ്റവരുടെ മൊഴി ഉപ്പുതറ പൊലീസ് രേഖപ്പെടുത്തി കേസെടുത്തു .