കണ്ണൂർ: തിരുവനന്തപുരത്ത് നിന്ന് ചൊവ്വ,​ശനി ദിവസങ്ങളിലൊഴിച്ച് പുറപ്പെടുന്ന ജനശതാബ്ദി എക്സ് പ്രസിൽ ഇറങ്ങുന്ന കാസർകോട് ,​പഴയങ്ങാടി ഭാഗത്തേക്കുള്ള യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമായിരുന്ന ബസ് സർവീസ് നേരത്തെയാക്കി കെ.എസ്.ആർ.ടി.സി അധികൃതരുടെ ഇരുട്ടടി. ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടീവ് എക്സ് പ്രസിന് കണക് ഷനായി ഓടുന്ന മറ്റ് മൂന്നു ബസുകളോടൊപ്പം കാലിസീറ്റുകളുമായി ഓടുകയാണിപ്പോൾ കാസർകോട് ഡിപ്പോയിൽ നിന്നുള്ള ആനവണ്ടി.

രാത്രി 12.20നാണ് തിരുവനന്തപുരം ശതാബ്ദി എക്സ് പ്രസ് കണ്ണൂരിൽ എത്തുന്നത്. ഈ സമയത്ത് യാത്രക്കാർക്ക് ഏറെ അനുഗ്രഹമായിരുന്നു കെ.എസ്.ആർ.ടി.സിയുടെ ഈ സർവീസ്. ശതാബ്ദി സർവീസ് ഇല്ലാത്ത ചൊവ്വ,​ശനി ദിവസങ്ങളിൽ മാത്രമായിരുന്നു ഈ ബസ് എക്സിക്യുട്ടീവ് ട്രെയിനിന് കണക്ഷനായി പോയിരുന്നത്. കാഞ്ഞങ്ങാട് ,​ പയ്യന്നൂർ,​ ആലക്കോട് ബസുകളും എക്സിക്യൂട്ടീവ് കണക് ഷനായി സർവീസ് നടത്തുന്നുണ്ട്. കാസർകോട് ബസ് കൂടി ഈ സമയത്ത് സർവീസ് നടത്തുന്നതിനാൽ പയ്യന്നൂർ,​ കാഞ്ഞങ്ങാട് സർവീസുകളുടെ കളക് ഷനെയും സാരമായി ബാധിച്ചതായി ഡിപ്പോ അധികൃതർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഈ രീതിയിൽ കുറച്ചുകൂടി മുന്നോട്ടുപോയാൽ ലാഭകരമല്ലെന്ന കാരണം പറഞ്ഞ് ഈ സർവീസുകൾ നിർത്തിവെക്കാനുള്ള സാദ്ധ്യതയും മുന്നിലുണ്ട്.

രാത്രി 8.10നാണ് കണ്ണൂരിൽ നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള നേത്രാവതി എക്സ്പ്രസ്. ഇതു കഴിഞ്ഞാൽ വെസ്റ്റ്കോസ്റ്റ് വരുന്നത് വരെ കാര്യമായ ഗതാഗത സൗകര്യവുമില്ല. മംഗളൂരുവരെയുള്ള 150 കിലോ മീറ്ററിന് ഇടയിലെ യാത്രക്കാർ ഇതോടെ കടുത്ത ദുരിതത്തിലാകുന്നുണ്ട്.

പയ്യന്നൂരിലേക്ക്

35 രൂപ ബസ് ചാർജിന് പകരം

1000 രൂപ ഓട്ടോചാർജ്

കാത്തിരിക്കണം വെസ്റ്റ് കോസ്റ്റിന്

10.45ന് എക്സിക്യൂട്ടീവ് എക്സ് പ്രസ് എത്തുന്നതോടെ നാലു ബസുകളും റെയിൽവെ സ്റ്റേഷൻ വിട്ടുകഴിഞ്ഞാൽ പിന്നെ പയ്യന്നൂർ ,​ കാഞ്ഞങ്ങാട്,​കാസർകോട് ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർ 1.30ന് എത്തുന്ന വെസ്റ്റ് കോസ്റ്റ് എക്സ് പ്രസു വരെ കാത്തിരിക്കണം.ചെന്നൈയിൽ നിന്നുള്ള ഈ ട്രെയിൻ മിക്ക ദിവസവും വൈകിയോടുന്നതിനാൽ കൊതുകു കടി കൊണ്ട് മണിക്കൂറുകളോളം കാത്തിരുന്ന് മുഷിയേണ്ടിവരും.

രാത്രി 12.45നും 1.30നുമുള്ള കെ.എസ്.ആർ.ടി.സിയുടെ കൊല്ലൂർ മൂകാംബിക ‌ഡീലക്സ് എക്സ് പ്രസുകളിൽ ബുക്ക് ചെയ്തവർക്ക് മാത്രമാണ് യാത്ര ചെയ്യാൻ സാധിക്കുന്നത്. എക്സിക്യുട്ടീവ് ട്രെയിനിന് കണക്ഷനായി ഓടുന്ന ബസ് കഴിഞ്ഞാൽ പിന്നീട് 4.30 ഓടെയാണ് കാസർകോട് ഭാഗത്തേക്ക് ടി.ടി സർവീസുകൾ ആരംഭിക്കുക.


കാൻസർ രോഗികളും

കാത്തിരിക്കണം

തിരുവനന്തപുരത്തെ ആർ.സി.സിയിൽ നിന്നുള്ള കാൻസർ രോഗികൾ വരെ രാത്രിയിൽ പെരുവഴിയിലാകുന്നുണ്ട്. ബദൽ സംവിധാനമില്ലാതെ റോഡിൽ നിൽക്കേണ്ടി വരുന്നത് സുരക്ഷാ പ്രശ്നവും ഉണ്ടാക്കുന്നു. പിടിച്ചു പറിക്കാരും കള്ളന്മാരും വിഹരിക്കുമ്പോഴാണ് സ്ത്രീകളടക്കം പഴയ ബസ് സ്റ്റാൻഡിൽ ഏതെങ്കിലും ബസ് ഉണ്ടാകുമെന്ന പ്രതീക്ഷയിൽ നിൽക്കുന്നത്.

ബൈറ്റ്

കാലിക്കടവ് സ്വദേശിയായ ഞാൻ കണ്ണൂരിലാണ് ജോലി ചെയ്യുന്നത്. രാത്രി 11 മണിയ്ക്കാണ് ഡ്യൂട്ടി കഴിയുക. ഈ ബസിനെ ആശ്രയിച്ച് സ്ഥിരമായി യാത്ര ചെയ്യുന്നതാണ്. ബസ് കിട്ടാത്തതോടെ നേരം വെളുക്കുമ്പോഴാണ് വീട്ടിലെത്താനാകുന്നത്. ഉറക്കം പോലും ശരിയാകാതെ സ്ഥിരം ജോലിയ്ക്ക് വരേണ്ടി വരുന്നത് ആരോഗ്യ പ്രശ്നം ഉണ്ടാക്കുന്നുണ്ട്-രാജൻ(സ്ഥിരം യാത്രക്കാരൻ)