local

കാസർകോട്: ബലാത്സംഗക്കേസില്‍ ആറ് വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങിയ ഓട്ടോഡ്രൈവര്‍ ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി. മൗവ്വാര്‍ ഗൗരിയടുക്ക കയ്യാലമൂലയിലെ ഭാസ്‌ക്കരനെയാണ് (48) കാസര്‍കോട് വനിതാ സി.ഐ അറസ്റ്റ് ചെയ്തത്. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഏഴ് വയസുകാരിയെ 2019 ജൂണ്‍ മുതല്‍ 2020 ജനുവരി 21 വരെയുള്ള കാലയളവില്‍ പീഡിപ്പിച്ചുവെന്ന പരാതിയില്ലാണ് ഭാസ്‌ക്കരനെ പോക്‌സോ നിയമപ്രകാരം ബദിയടുക്ക പൊലീസ് പിടികൂടിയത്.

ഭാസ്‌ക്കരന്റെ ഓട്ടോറിക്ഷയിലാണ് വിദ്യാർത്ഥിനി സ്ഥിരമായി സ്‌കൂളിലേക്ക് പോയിരുന്നത്. ഓട്ടോയാത്രക്കിടെ കുട്ടിയെ ഭാസ്‌ക്കരന്‍ നിരന്തരം പീഡിപ്പിച്ചുവെന്നാണ് പരാതി. ഭയം കാരണം കുട്ടി ഇത്രയും നാള്‍ ഇക്കാര്യം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം, ഭാസ്‌ക്കരന്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന കാര്യം വീട്ടുകാരോട് കുട്ടി വെളിപ്പെടുത്തുകയായിരുന്നു. വീട്ടുകാര്‍ ചൈല്‍ഡ് ലൈനിന് വിവരം നല്‍കി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയോട് വിവരങ്ങള്‍ ആരാഞ്ഞശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 2003 ല്‍ ഓട്ടോറിക്ഷയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ഭാസ്‌ക്കരനെ 2011 ല്‍ ആറ് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ഭാസ്‌ക്കരന്‍ കുറച്ചു കാലം കേസിലൊന്നും ഉള്‍പ്പെട്ടില്ലെങ്കിലും ഏഴ് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തോടെ വീണ്ടും പ്രതിയാകുകയായിരുന്നു.