കേളകം: കണിച്ചാർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന് നാളെ ക്ഷേത്രം തന്ത്രികൾ ജിതിൻ ഗോപാലിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന തൃക്കൊടിയേറ്റോടെ തുടക്കമാകുമെന്ന് ഭാരവാഹികൾ കേളകത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നാളെ കലവറ നിറയ്ക്കൽ, കൊടിയേറ്റ് എന്നീ ചടങ്ങുകൾക്ക് ശേഷം കലാമണ്ഡലം അഭിജോഷ് അവതരിപ്പിക്കുന്ന ചാക്യാർകൂത്ത് നടക്കും.4 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം എസ് .എൻ. ഡി. പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ 110 വയസ് പിന്നിട്ട ക്ഷേത്രം സ്ഥാനികൻ മാടശ്ശേരി നാരായണൻ ശാന്തികളെ എസ് .എൻ. ഡി .പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ആദരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും. തുടർന്ന് കലാ പരിപാടികൾ.5 ന് നടക്കുന്ന വനിതാ യുവജനസംഗമം എസ് .എൻ. ഡി. പി വനിതാസംഘം ഇരിട്ടി യൂണിയൻ പ്രസിഡന്റ് നിർമ്മല അനിരുദ്ധൻ ഉദ്ഘാടനം ചെയ്യും. 6 ന് വള്ളുവനാട് നാദം കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന കാരി എന്ന നാടകം അരങ്ങേറും. 7 ന് വെള്ളിയാഴ്ച താലപ്പൊലി കുംഭകുട ഘോഷയാത്ര നടക്കും.8 ന് ശനിയാഴ്ച നടക്കുന്ന തിരു ആറാട്ടോടെ ആറ് ദിവസങ്ങളിലായി നടക്കുന്ന തൈപ്പൂയ മഹോത്സവത്തിന് സമാപനമാകും.ശാഖാ യോഗം പ്രസിഡന്റ് ഒ.എൻ.രാജു, സെക്രട്ടറി എം.വി.മുരളീധരൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.കെ.ഗോപി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.