health

ചെമ്പരത്തി ഇലകളും പൂക്കളും മുടിയഴകിന് താളിയായി ഉപയോഗിക്കുന്നത് പലർക്കുമറിയാം. എന്നാൽ നമ്മുടെ മുറ്റത്തെ, ചുവന്ന പൂക്കളുമായി അലങ്കരിക്കുന്ന ചെമ്പരത്തിയുടെ ഔഷധഗുണങ്ങൾ ഇതിലൊതുങ്ങുന്നതല്ല. ആയുർവേദ മരുന്നുകളിലും ഷാമ്പു, സോപ്പ് എന്നിവയിലും ചെമ്പരത്തി ഉപയോഗിക്കുന്നുണ്ട്. ചുവന്ന അടുക്കു ചെമ്പരത്തിയിലാണ് ആന്തോസയാനിൻ എന്ന വർണ്ണകം കൂടുതലായുള്ളത്. പ്രമേഹം, ത്വക് കാൻസർ എന്നിവ തടയാൻ ചെമ്പരത്തിയിലെ ഘടകങ്ങൾക്ക് കഴിയുമെന്ന് ഗവേഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഹൃദ്രോഗങ്ങൾ പിടിപെടാതിരിക്കാൻ ചെമ്പരത്തിപ്പൂവിന്റെ നീര് നല്ലതാണ്. കൂടാതെ ഇത് രക്തസമ്മർദ്ദം കുറയ്ക്കും.

ചെമ്പരത്തി പൂവിൽ ബീറ്റ കരോട്ടിൻ, കാത്സ്യം, ഫോസ്‌‌ഫറസ്, ഇരുമ്പ്, തയാമിൻ, വൈറ്റമിൻ സി തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഇതുകാരണം ചെമ്പരത്തി പൂവ് ദാഹശമിനിയിലും ചായയിലും കറികളിലും അച്ചാറുകളിലും ഉപയോഗിക്കാറുണ്ട്. മാത്രമല്ല,​ ചൂടുകാലത്ത് ശരീരം തണുപ്പിക്കുന്ന ഔഷധം കൂടിയാണ് ചെമ്പരത്തി. ചെമ്പരത്തിപ്പൂവ് ഉണക്കിപ്പൊടിച്ച് കഴിക്കുക വഴി രക്തധമനികളിലെ കൊഴുപ്പ് അകറ്റാനും കൊളസ്‌ട്രോൾ കുറയ്ക്കാനും കഴിയും. രോഗ പ്രതിരോധശേഷിക്കും ചെമ്പരത്തി സഹായിക്കുന്നു.

ചുവന്ന ചെമ്പരത്തി മാത്രമല്ല,​ വെള്ള ചെമ്പരത്തിയിലുമുണ്ട് ഗുണങ്ങൾ. കണ്ണുകൾക്കുണ്ടാകുന്ന സമ്മർദ്ദം കുറയ്ക്കാൻ ഇതു നല്ലതാണ്. മുഖത്തെ കറുത്ത പാടുകൾ മാറാനും ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കാനും ചെമ്പരത്തി പൂവ് ഉപയോഗിക്കാറുണ്ട്. മുടിയഴകിന് പണ്ടുമുതൽ ചെമ്പരത്തി ഉപയോഗിച്ചുവരുന്നുണ്ട്. അരക്കപ്പ് ചൂടുവെള്ളം എടുത്ത് ഇതിൽ ചെമ്പരത്തി ഇലയും അൽപം പൂവും ചേർത്ത് നല്ലതു പോലെ അരച്ചു മുടിയിൽ തേച്ച് പിടിപ്പിക്കാം. താരൻ ശല്യത്തെയും ഇത് പ്രതിരോധിക്കും.

ഡോ. ഇറിന എസ്. ചന്ദ്രൻ

പുല്ലായിക്കൊടി ആയുർവേദ,

പൂക്കോത്ത് നട,

തളിപ്പറമ്പ്.

ഫോൺ: 9544657767.