കണ്ണൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബാങ്ക് യൂണിയൻ ഐക്യവേദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന അഖിലേന്ത്യാ ദ്വിദിന ബാങ്ക് പണിമുടക്കം ജില്ലയിൽ പൂർണ്ണം. പണിമുടക്കിയ ജീവനക്കാർ കണ്ണൂർ, പയ്യന്നൂർ, തളിപ്പറമ്പ, തലശ്ശേരി എന്നിവിടങ്ങളിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കണ്ണൂരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മെയിൻ ബ്രാഞ്ച് മുന്നിൽ നിന്നും ആരംഭിച്ച പ്രകടനം കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. സമാപന പൊതുയോഗത്തിൽ വിവിധ സംഘടനാ നേതാക്കളായ എൻ.വി. ബാബു, ജി.വി. ശരത്ചന്ദ്രൻ, ടി. വിനോദ് കുമാർ, ബിഗേഷ് ഉണ്ണിയൻ എന്നിവർ സംസാരിച്ചു. തളിപ്പറമ്പിൽ സെൻട്രൽ ബാങ്കിന് മുന്നിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺ സ്‌ക്വയറിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം സി.ഐ.ടി.യു തളിപ്പറമ്പ ഏരിയ സെക്രട്ടറി കെ. കരുണാകരൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ സംഘടനാ നേതാക്കളായ എം.എ. ഷാനവാസ്, സി.വി. കൃഷ്ണകുമാർ, പി. രാജേഷ്, ടോമി മൈക്കിൾ, അലക്‌സ് ജെ. മണ്ണൂർ എന്നിവർ സംസാരിച്ചു. പയ്യന്നൂരിൽ പുതിയ ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച പ്രകടനം പഴയ ബസ് സ്റ്റാൻഡിനു സമീപം അവസാനിപ്പിച്ചു. തുടർന്ന് നടന്ന പൊതുയോഗത്തിൽ പി സുരേന്ദ്രൻ, കെ അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. തലശ്ശേരിയിലും പണിമുടക്കിയ ജീവനക്കാർ പ്രകടനം നടത്തി.