കാസർകോട്: കൊറോണ വൈറസുമായി ബന്ധപ്പെട്ട് ജില്ലയിൽ നിരീക്ഷണത്തിലുള്ളവർക്ക് രോഗലക്ഷണങ്ങളില്ലെന്നും സ്വകാര്യത മാനിച്ച് വ്യക്തി വിവരങ്ങൾ ബന്ധപ്പെട്ട ആരോഗ്യ ഉദ്യോഗസ്ഥർക്കല്ലാതെ മറ്റാർക്കും കൈമാറില്ലെന്നും ആസൂത്രണ സമിതി യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കൊറോണയുമായി ബന്ധപ്പെട്ട് കൂടുതൽ പേർ ആരോഗ്യകേന്ദ്രങ്ങളിലേക്ക് എത്തേണ്ടതുണ്ടെന്നാണ് കണക്കുകൾ പ്രകാരം മനസ്സിലാക്കുന്നത്. എഴുപതോളം പേർ മാത്രമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വ്യക്തി വിവരങ്ങൾ പൊലീസിനോ മറ്റോ കൈമാറുമെന്ന് ഭയക്കേണ്ടതില്ല. പരിശോധനയ്ക്കായി യാതൊരു ആശങ്കയുമില്ലാതെ ആരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെടണം. ഇതുമായി ബന്ധപ്പെട്ട് മുന്നോട്ടുവരുന്ന എല്ലാവരെയും വിശദമായി പരിശോധിക്കേണ്ട സാഹചര്യം നിലവിലില്ല. ലക്ഷണമുള്ളവരെ മാത്രമാണ് ലാബ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. സംശയമുള്ളവർ നേരിട്ടെത്തേണ്ട; പരിശോധനയ്ക്ക് സൗകര്യമൊരുക്കും രോഗ ലക്ഷണമുണ്ടെന്ന് സംശയിക്കുന്നവർ ആരോഗ്യകേന്ദ്രങ്ങളിലേക്ക് നേരിട്ടെത്തേണ്ടതില്ല. വിവരം ആശുപത്രികളെയോ ഉദ്യോഗസ്ഥരെയോ അറിയിച്ചാൽ ആവശ്യമായ പരിശോധനയ്ക്കുള്ള സൗകര്യമൊരുക്കും.
ചൈനയിലെ വുഹാനിൽ നിന്നും ജനുവരി 15 ന് ശേഷം ജില്ലയിലെത്തിയവർ നിർബന്ധമായും വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കണം. കൂടുതൽ വിവരങ്ങൾക്ക് ദിശ 04712552056, ജില്ലാ ആരോഗ്യ വകുപ്പ് കൺട്രോൾ സെൽ 9946000493 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.