മട്ടന്നൂർ: പച്ചക്കറി വാഹനത്തിൽ കടത്തുകയായിരുന്ന ലഹരി വസ്തു ശേഖരം മട്ടന്നൂർ പൊലീസ് പിടികൂടി. 12,000 പായ്ക്കറ്റ് നിരോധിത ലഹരി വസ്തുക്കളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റു ചെയ്തു. രഹസ്യ വിവരം കിട്ടിയതിനാൽ മട്ടന്നൂർ സിഐ കെ.രാജീവ് കുമാറും സംഘവും ഉളിയിൽ വച്ചു നടത്തിയ പരിശോധനയിലാണ് വാഹനത്തിൽ കടത്തുകയായിരുന്ന വൻ ലഹരി വസ്തുശേഖരം പിടികൂടിയത്. പിക്കപ്പ് വാനിലുണ്ടായിരുുന്ന ഉളിയിലെ സ്വരാജ്, കെ.ബഷീർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കർണാടകത്തിൽ നിന്ന് പച്ചക്കറിയുമായി ഉളിയിലേക്ക് വരികയായിരുന്ന പിക്കപ്പ് വാനിൽ നിന്നാണ് എട്ട് ചാക്കുകളിലായി ഒളിപ്പിച്ച ലഹരി വസ്തുക്കൾ കണ്ടെത്തിയത്. ഹാൻസ്, കൂൾ ലിപ് എന്നിവയുടെ പായ്‌ക്കറ്റുകളാണ് ഉണ്ടായിരുന്നത്. കൂട്ടുപുഴ മുതൽ വാഹനത്തെ പിന്തുടർന്നാണ് പിടികൂടിയത്. പരിശോധനയിൽ എസ് ഐ സി.സി. ലതീഷ്, എഎസ്ഐ രാജീവൻ, രാജീവൻ മക്രേരി, സിവിൽ പൊലീസ് ഓഫീസർമാരായ സിജു, ജയദേവൻ, പ്രജേഷ്, റഫീക്ക്, ഷമീർ, രൂപേഷ്, ഡ്രൈവർ സരിത്ത് എന്നിവർ പങ്കെടുത്തു.